ലോക്‌സഭയില്‍ ബി.ജെ.പിയുടെ സീറ്റ് നില 282ല്‍ നിന്നും 274 ആയി ചുരുങ്ങി

By Shyma Mohan.14 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: 30 വര്‍ഷത്തിനുശേഷം ആദ്യമായി മൃഗീയ ഭൂരിപക്ഷത്തോടെ 2014ല്‍ അധികാരത്തിലേറിയ ബി.ജെ.പിക്ക് ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ തിരിച്ചടിയായി. 2014ല്‍ 282 സീറ്റോടെ അധികാരത്തിലേറിയ ബി.ജെ.പിക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഏഴ് സീറ്റുകളാണ് നഷ്ടമായത്.
    ഇന്ന് ഫലം പുറത്തുവന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ 274 ആയി ചുരുങ്ങിയിരിക്കുകയാണ് ലോക്‌സഭയിലെ പാര്‍ട്ടിയുടെ സീറ്റ് നില.
    നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നാല് സീറ്റാണ് നഷ്ടമായത്. കോണ്‍ഗ്രസാണ് അവിടെ വിജയിച്ചത്. എസ്.പിക്ക് രണ്ട് സീറ്റുകളും രാഷ്ട്രീയ ജനതാദളിന് ഒരു സീറ്റും വിട്ടുകൊടുക്കേണ്ടിവന്നു. 2015 നവംബറില്‍ മധ്യപ്രദേശിലെ രത്‌ലാം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യം പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത്. 2014ല്‍ സംസ്ഥാനത്ത് 29ല്‍ 27 സീറ്റും നേടിയ ബി.ജെ.പിക്ക് എം.പിയായ ദിലീപ് സിംഗ് ബുരിയയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സീറ്റ് നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ബുരിയ ബി.ജെ.പി എം.പിയായിരുന്ന ദിലീപ് സിംഗ് ബുരിയയുടെ മകള്‍ നിര്‍മ്മലയെ പരാജയപ്പെടുത്തി.
    2017ല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂൂരില്‍ പാര്‍ട്ടി എം.പി വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ സുനില്‍ സിംഗ് ജാക്കറിനോട് പരാജയപ്പെട്ടു. 2014ല്‍ രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിലും പരാജയപ്പെട്ട കോണ്‍ഗ്രസ് ഈ വര്‍ഷം ആദ്യം നടന്ന അല്‍വാര്‍, അജ്മീര്‍ ഉപതിരഞ്ഞെടുപ്പുകളില്‍  ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി.
    ബീഹാറിലെ അരേറിയ ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് ഫലം പുറത്തുവന്നപ്പോള്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയോട് ബി.ജെ.പിക്ക് പരാജയപ്പെടേണ്ടിവന്നു.
    എന്നാല്‍ എല്ലാ ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നില്ല. ആസാമിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഓരോ സീറ്റ് വീതം ബി.ജെ.പി നേടുകയും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഏതാനും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ഒന്നൊന്നായി പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കാന്‍ മോദി പ്രഭാവത്തിലൂടെ സാധിച്ചു എന്നത് ബി.ജെ.പിക്ക് ആശ്വാസം പകരുന്നതാണ്.