കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 'ചിറ്റമ്മ നയ'ത്തിനെതിരെ ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥികൾ

By Sooraj Surendran.25 09 2020

imran-azhar

 

 

തിരുവനന്തപുരം: ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥികളോട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചിറ്റമ്മ നയം. എംഎസ്‌സി ഫോറൻസിക് സയൻസ് കോഴ്‌സിലേക്കായി അപേക്ഷ നൽകിയ ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരോക്ഷ നിലപാടിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലർ പ്രകാരം ഈ മാസം 26ന് വൈകിട്ട് 5 മണിക്ക് മുൻപായി എംഎസ്‌സി ഫോറൻസിക് സയൻസ് കോഴ്‌സിലേക്കായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ അവസാനവട്ട ഡിഗ്രീ മാർക്കുകൾ സമർപ്പിക്കണം. എന്നാൽ കേരളത്തിന് പുറത്ത് വിവിധ കോളേജുകളിലായി ബിഎസ്‌സി ഫോറൻസിക് സയൻസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതുവരെ അവസാന സെമസ്റ്റർ പരീക്ഷകൾ നടത്തിയിട്ടില്ല.

 

വിദ്യാർത്ഥികൾ വിവരം യൂണിവേഴ്‌സിറ്റി എക്‌സാമിനേഷൻ ഡിപ്പാർട്മെന്റ് ഉൾപ്പെടെ ഉന്നതതല സമിതികളെ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല. ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥികളേക്കാളുപരി മറ്റ് കോഴ്‌സുകൾ പഠിച്ചവർക്കാണ് എംഎസ്‌സി ഫോറൻസിക് സയൻസ് കോഴ്‌സിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഥമ പരിഗണന നൽകുന്നതെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പ്രധാന പരാതി.

 

ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥികൾക്ക് മറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ നല്കാനാകില്ല എന്ന് മാത്രമല്ല ഭൂരിഭാഗം വിദ്യാർത്ഥികളും ഭീമമായ തുക ലോണുകളെടുത്താണ് പഠിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചിറ്റമ്മ നയം കാരണം ഇരുന്നൂറിലധികം വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസമാണ് വഴിമുട്ടിയിരിക്കുന്നത്. ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ അഞ്ചാം സെമസ്റ്റർ പരീക്ഷയിലെ മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള സംവിധാനമോ, അല്ലെങ്കിൽ മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള സമയപരിധി നീട്ടുകയോ വേണമെന്നാണ് വിദ്യാർത്ഥികളുടെ അപേക്ഷ.

 

OTHER SECTIONS