സുപ്രീം കോടതി വിഷയം: ഇടപെടുന്നതിനായി ഏഴംഗ പ്രതിനിധി സംഘം രൂപീകരിച്ച് ബാര്‍ കൗണ്‍സില്‍

By Shyma Mohan.13 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നതിനുവേണ്ടി ബാര്‍ കൗണ്‍സില്‍ ഏഴംഗ പ്രതിനിധി സംഘത്തെ രൂപീകരിച്ചു. സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഖോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബാര്‍ കൗണ്‍സിലിന്റെ നീക്കം. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനായാണ് പ്രതിനിധി സംഘത്തെ രൂപീകരിച്ചതെന്നും സംഘം ബഹുമാന്യരായ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര വാര്‍ത്താലേഖകരോട് പറഞ്ഞു. ജൂഡീഷ്യറിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്ന രാഷ്ട്രീയ നേതാക്കളുടെ നീക്കത്തെ മിശ്ര വിമര്‍ശിക്കുകയും അവര്‍ അതില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെടുകയും ചെയ്തു. കോടതി വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ജുഡീഷ്യറിയുടെ പ്രതിഛായക്ക് കളങ്കം ഏല്‍പിക്കരുതെന്നും മിശ്ര വ്യക്തമാക്കി. ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS