ഒരു ബുള്ളറ്റ് പോലും പാഴാക്കില്ല; തൃണമൂല്‍ നേതാക്കള്‍ക്ക് എന്‍കൗണ്ടര്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി ബിജെപി

By Shyma Mohan.20 Jun, 2018

imran-azhar


    പശ്ചിമബംഗാള്‍: പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തി പശ്ചിമബംഗാളില്‍ ഭരണം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടല്‍ നേരിടേണ്ടിവരുമെന്നും ഒരു ബുള്ളറ്റ് പോലും പാഴാക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് ബിജെപി അധ്യക്ഷന്‍ തൃണമൂലിനെ വെല്ലുവിളിച്ചിരിക്കുന്നത്. തോക്ക് കയ്യില്‍ പിടിക്കുന്ന ആക്ഷനോടു കൂടിയായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം. ബോളിവുഡ് മൂവി ഷോലെയില്‍ തോക്കില്‍ എത്ര ബുള്ളറ്റുകളാണ് ഉള്ളതെന്ന വില്ലന്‍ ഗബ്ബാര്‍ സിംഗിന്റെ വാചകം  ദിലീപ് ഘോഷ് ഓര്‍മ്മിച്ചു. തങ്ങളുടെ അധികാരം ഉപയോഗിച്ച് പോലീസിനെയും മറ്റും നിയന്ത്രിക്കുന്ന അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ ജയിലിലോ അല്ലെങ്കില്‍ എന്‍കൗണ്ടര്‍ നേരിടേണ്ടി വരികയോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബുള്ളറ്റുകള്‍ക്ക് മറുപടി ബുള്ളറ്റ് വഴി നല്‍കും. ബോംബാണ് ഉപയോഗിക്കുന്നതെങ്കില്‍ തിരിച്ച് ബോംബ് ഉപയോഗിക്കും. ലാത്തിക്ക് ലാത്തിയും മറുപടി നല്‍കും. ക്ഷമയ്ക്ക് പരിധികളില്ലെന്ന ഒരു ലീഗല്‍ ബോണ്ടിലും തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ഘോഷ് ഭീഷണി മുഴക്കി. ഘോഷിന്റെ പ്രസ്താവനയില്‍ ജില്ലാ ഭരണകൂടം ഘോഷിനെതിരെ സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.