മോദിക്ക് ആശ്വാസം: 6 മാസം കൊണ്ട് 3.11 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

By Shyma Mohan.25 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് വന്‍ ആശ്വാസം പകര്‍ന്ന് കാര്‍ഷികേതര മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായുള്ള കണക്കുകള്‍ പുറത്തുവന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാമൂഹ്യ സുരക്ഷാ ഫണ്ടിന് കീഴില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 472075 തൊഴിലാളികളാണ് ചേര്‍ക്കപ്പെട്ടത്. ജനുവരിയിലാകട്ടെ 604557 തൊഴിലാളികളെ ചേര്‍ത്തിരുന്നുവെന്നും എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സെപ്തംബര്‍ 2017നും ഫെബ്രുവരി 2018നും ഇടയില്‍ പിന്നിട്ട ആറുമാസത്തിനുള്ളില്‍ 3.11 ദശലക്ഷം തൊഴിലാളികളാണ് എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടിന് കീഴില്‍ ചേര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്‍ സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വാണ് ഈ കാലയളവില്‍ ഇത്രയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സംഘടിത മേഖലയിലേക്ക് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ഈ വര്‍ഷം മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷത്തേക്കുള്ള ഇപിഎഫ് വരിസംഖ്യയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചിരുന്നു. തൊഴിലാളികളുടെ ശമ്പളത്തിന്റെ 12 ശതമാനത്തോളം ഇപിഎഫില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരുന്നത്. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍.