ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എ കണ്‍വീനര്‍?

By Shyma Mohan.12 Aug, 2017

imran-azhar


    ന്യൂഡല്‍ഹി: ബീഹാറിലെ മഹാ സഖ്യം വിട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ പാളയത്തിലേക്ക് ചേക്കേറുന്ന ജെ.ഡി.യുവിന് രണ്ട് കേന്ദ്ര മന്ത്രിസ്ഥാനവും എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനവും ലഭിക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ കണ്‍വീനറാകും. ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ജെ.ഡി.യുവിന് ലഭിക്കും.
    കഴിഞ്ഞ ദിവസം ജെ.ഡി.യുവിനെ എന്‍.ഡി.എയിലേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചുകൊണ്ട് പ്രസ്താവന നടത്തിയിരുന്നു. ജെ.ഡി.യുവിനെ എന്‍.ഡി.എയുടെ ഭാഗമാക്കിയുള്ള പ്രഖ്യാപനം പട്‌നയില്‍ വെച്ച് ഓഗസ്റ്റ് 19ന് നടക്കുന്ന എന്‍.ഡി.എ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഉണ്ടാകും. എന്‍.ഡി.എയിലേക്ക് തിരിച്ചെത്താനുള്ള ജെ.ഡി.യുവിന്റെ നീക്കം ചരിത്രപരമാകുമെന്നും കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്നത് ബീഹാറിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും ജെ.ഡി.യു ദേശീയ ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.