ഫെബ്രുവരി ഒന്നിന് ആശങ്കയുടെ ബജറ്റ്

By S R Krishnan.27 Jan, 2017

imran-azhar

രാജ്യം നോട്ടു നിരോധനത്തിന്റെ ഫലങ്ങള്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാര്‍ പതിവിലും ഒരു മാസം മുന്‍പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ പോവുകയാണ്. പോയ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ സാമ്പത്തിക മേഖലയും മൊത്ത ആഭ്യന്തര ഉത്പ്പാദനവും വളരെ താഴ്ന്ന നിലയിലേക്കെത്തിയതിനാല്‍ തന്നെ ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിന് പ്രാധാന്യമേറെയാണ്. ബജറ്റിന്റെ ഏറ്റവും വലിയ പുതുമ എന്നത് ഇത്തവണ കേന്ദ്ര ബജറ്റിനൊപ്പം തന്നെയാണ് റെയില്‍ബജറ്റും പ്രഖ്യാപിക്കുന്നത് എന്നാണ്. വ്യാവസായിക മേഖലയില്‍ വന്ന ഇടിവ്, രാജ്യത്തെ 48 ശതമാനത്തോളം വരുന്ന തൊഴിലാളികള്‍ക്ക് നല്‍കി വന്ന കൂലി നോട്ട് നിരോധനം മൂലം തടസ്സപ്പെട്ടപ്പോള്‍ ഉപഭോഗത്തിലും സേവിങ്‌സിലും വന്ന സാരമായ മാറ്റം, ഓഹരി വിപണിയില്‍ വന്ന കനത്ത ഇടിവ് തുടങ്ങി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ച സുപ്രധാന കാര്യങ്ങള്‍ വിലയിരുത്താന്‍ ആവശ്യമായ സമയം ഈ ബജറ്റ് അവതരണത്തിന് ലഭിച്ചുവോ എന്ന ചോദ്യവും ഏറെ പ്രസക്തമുളള ഒന്നാണ്. കൂടാതെ നോട്ട് നിരോധനം വാഹന മേഖലയേയും സാരമായി ബാധിച്ചിരുന്നു. നോട്ട് നിരോധനം വന്ന ശേഷം ഡിസംബറില്‍ വാഹന വില്‍പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് വാഹന വ്യവസായ മേഖലയിലെ പ്രമുഖരുടെ വിലയിരുത്തല്‍. ഇതിനെല്ലാം പുറമെയാണ് ബജറ്റില്‍ വകയിരുത്താനാവശ്യമായ തുകയുടെ കാര്യം. നോട്ടു നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ തിരിച്ചെത്തിയ തുക എത്രെന്നു പോലും സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബജറ്റിലെ തുക വകയിരുത്തല്‍ ശ്രദ്ധേയമാകും. ഊര്‍ജ്ജിത നികുതി പിരിവ് കണക്കില്‍ പെടാത്ത സ്വത്തു വെളിപ്പെടുത്തല്‍ എന്നിവ വഴി ഖജനാവിലെത്തിച്ച തുകയുപയോഗിച്ചു വേണം നോട്ടു നിരോധനത്തിന്റെ പടു കുഴിയില്‍ നിന്നും കരകയറാന്‍. കൂടാതെ കേന്ദ്രത്തില്‍ ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ പദ്ധതി ചെലവ് - പദ്ധതിയേതര ചെലവ് എന്നിങ്ങനെ വകഭേതമില്ലാത്ത ബജറ്റാവും ഇത്.

 

രൂപയെ ദുര്‍ബലമാക്കിക്കൊണ്ടു ഉയരുന്ന ഡോളര്‍ വില, യുഎസിലേക്കുള്ള കുടിയേറ്റം പുറം പണിക്കരാറുകള്‍ എന്നിവ പുനപരിശോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം, നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവും മൂലമുള്ള നോട്ട് ക്ഷാമവും കഷ്ടനഷ്ടങ്ങളും, രാജ്യത്തെ പകുതി പേര്‍ക്കെങ്കിലും വരുമാനത്തില്‍ നേരിടുന്ന ഇടിവ് എന്നിവ ബജറ്റില്‍ എത്തരത്തില്‍ പ്രതിഫലിക്കുന്നു എന്നത് പ്രധാനമാണ്. വരുന്ന സാമ്ബത്തിക വര്‍ഷത്തേക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കൂടി ഉപകാരപ്രദമാകേണ്ട ബജറ്റില്‍ ഇത്തരത്തില്‍ സമയദൗര്‍ലഭ്യത മൂലം വരുന്ന പിഴവുകള്‍ ഏറെ ആശങ്ക സൃഷ്ടിച്ചേക്കും.

 

കഴിഞ്ഞ 12 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് എണ്ണ വിലയിലും വിപണി കണ്ടത്. ഇത്തരം കാര്യങ്ങള്‍ ബജറ്റില്‍ വിലയിരുത്തപെടേണ്ടതുണ്ട്. എന്നാല്‍ ജൂണ്‍ ഒന്നിന് രാജ്യത്ത് നിലവില്‍ വന്ന വരുമാനം വെളിപ്പെടുത്തല്‍ സ്‌കീം ബജറ്റ് അവതരത്തെ ഏറെ സുഗമമാക്കും. ഈ സ്‌കീം വഴി മുന്‍വര്‍ഷങ്ങളില്‍ വരുമാനം വെളിപ്പെടുത്താത്തവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുമ്പാകെ വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാനുളള അവസരം ലഭിച്ചു. ഇത് നികുതി വിഭാഗത്തെക്കുറിച്ചുളള വിലയിരുത്തല്‍ നടത്താന്‍ ഉപകരിച്ചേക്കും. നോട്ടു നിരോധനത്തെ വിലയിരുത്താതെയും ജനങ്ങളെ ബോദ്ധ്യപ്പെടുത്താതെയുമാണ് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു മുന്‍പ് ധൃതിയില്‍ ബജറ്റ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്രപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ബജറ്റിനു ശേഷം രാജ്യത്താദ്യമായി ഏപ്രില്‍ മാസം ജി.എസ്.ടി നടപ്പാകാന്‍ പോവുകയുമാണ് എന്ന പ്രത്യേകതയും ഉണ്ട്.

 

 

 

 

OTHER SECTIONS