കൗതുകമായി ബൈക്കുള മൃഗശാലയിലെ പെന്‍ഗ്വിന്‍; പോറ്റാന്‍ ഭാരിച്ച ചെലവ്; വിമര്‍ശനവുമായി ബിജെപി

By RK.16 09 2021

imran-azhar

 


മുംബൈ: പെന്‍ഗ്വിനുകളുടെ പരിപാലനത്തിന് ബി.എം.സി. കോടികള്‍ ചെലവിടുന്നത് സംബന്ധിച്ച വിവാദത്തിനിടെ രണ്ട് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളെ ബൈക്കുള വീരമാതാ ജീജാബായ് ഉദ്യാന്‍ വരവേറ്റു.

 

മേയ് ഒന്നിനും ഓഗസ്റ്റ് 19 നുമാണ് കുഞ്ഞതിഥികള്‍ എത്തിയതെന്ന് മുംബൈ മേയര്‍ കിഷോരിപെഡ്നേക്കര്‍ അറിയിച്ചു. ബൈക്കുള മൃഗശാലയിലെ പെന്‍ഗ്വിനുകളുടെ അടുത്ത മൂന്ന് വര്‍ഷത്തെ പരിപാലനത്തിനായി 15.26 കോടിയുടെ ടെന്‍ഡര്‍ ബി.എം.സി. വിളിച്ചതിനെതിരേ കോണ്‍ഗ്രസും ബി.ജെ.പി.യും രംഗത്തുവന്നിരുന്നു. ശിവസേനയാണ് ബി.എം.സി. ഭരിക്കുന്നത്.

 

ഇപ്പോള്‍ മന്ത്രിയായ ആദിത്യതാക്കറെ പ്രത്യേക താത്പര്യം എടുത്താണ് 2016 ല്‍ ദക്ഷിണ കൊറിയായിലെ സിയോളിലെ കോക്സ് അക്വേറിയത്തില്‍നിന്ന് മൂന്ന് ആണും അഞ്ച് പെണ്ണും അടക്കം എട്ട് പെന്‍ഗ്വിനുകളെ ബൈക്കുള മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ ഒരെണ്ണം പിന്നീട് ചത്തു.

 

1800 ചതുരശ്രയടി സ്ഥലത്ത് പ്രത്യേകമായി താപനില ക്രമീകരിച്ചാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. ഭാരിച്ച ചെലവാണ് ഇതിനുള്ളത്. പെന്‍ഗ്വിനുകള്‍ വെള്ളാനയായി മാറിയിരിക്കുകയാണെന്ന വിമര്‍ശനങ്ങളെ ബി.എം.സി.യും ശിവസേനയും എതിര്‍ത്തിട്ടുണ്ട്.

 

പെന്‍ഗ്വിനുകളുടെ വരവിന് ശേഷം മൃഗശാലയുടെ വരുമാനം അവയ്ക്കായി ചെലവഴിച്ച പണത്തേക്കാള്‍ കൂടുതലാണെന്ന് ബി.എം.സി. കമ്മിഷണര്‍ ഇഖ്ബാല്‍ ചാഹല്‍ പറയുന്നു. എന്നാല്‍ മൃഗശാലയുടെ വരുമാനം കൂടിയത് പെന്‍ഗ്വിനുകള്‍ വന്നിട്ടുമാത്രമല്ലെന്നും സന്ദര്‍ശക ഫീസ് 10 രൂപയില്‍നിന്ന് 50 രൂപയായി വര്‍ദ്ധിപ്പിച്ചത് കൊണ്ട് കൂടിയാണെന്നും ബി.ജെ.പി. പറയുന്നു.

 

ഹംബോള്‍ട്ട് പെന്‍ഗ്വിനുകളാണ് ബൈക്കുള്ളയിലുള്ളത്. ഇവ മൂന്നര വയസ്സ് ആകുന്നതോടെ ഇണ ചേരും. ഒന്നരമാസത്തിനുള്ളില്‍ മുട്ടയിടും. ആണും പെണ്ണും ചേര്‍ന്ന് അടയിരുന്ന് വിരിയിക്കും.

 

 

 

 

 

OTHER SECTIONS