പുറത്തിറങ്ങാനാകുന്നില്ല; മൂന്നാം സമ്മാനം മതിയായിരുന്നു: ഓണം ബംപര്‍ ജേതാവ് അനൂപ്

By Shyma Mohan.23 09 2022

imran-azhar

 

തിരുവനന്തപുരം: ലോട്ടറി അടിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മാസ്‌ക് വെച്ചുപോലും പുറത്തിറങ്ങാനാകുന്നില്ലെന്നും തിരുവോണം ബംപര്‍ ജേതാവ് അനൂപ്. വീഡിയോ സന്ദേശത്തിലൂടെയാണ് അനൂപിന്റെ പ്രതികരണം.

 

'ലോട്ടറി അടിച്ചപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത്ര സന്തോഷം. പക്ഷേ ഇപ്പോള്‍ ഓരോ ദിവസവും കഴിയുമ്പോള്‍ അവസ്ഥ മാറിമാറി വരികയാണ്. പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. എവിടെയും പോകാന്‍ പറ്റുന്നില്ല. ഓരോ ദിവസവും ഓരോ വീട്ടിലാണ് നില്‍ക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആള്‍ക്കാര്‍ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും.

 

എല്ലാവരോടും പറയാന്‍ എനിക്കൊന്നേയുള്ളൂ. ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആള്‍ക്കാര്‍ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ വീഡിയോയില്‍ പറയുന്നതിനിടയിലും ആള്‍ക്കാര്‍ വന്ന് ഗേറ്റില്‍ തട്ടിക്കൊണ്ടു നില്‍ക്കുന്നു.

 

ശ്വാസംമുട്ടല്‍ കാരണം ജോലിക്ക് പോയിട്ട് രണ്ടുമാസമായി. ലോട്ടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും ഇത് മനസ്സിലാക്കണം. കിട്ടിക്കഴിഞ്ഞാലും എനിക്കിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാന്‍ ഒരു സാധാരണക്കാരണ്. അറിവുള്ളവര്‍ പറയുന്നതുകേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. രണ്ടുവര്‍ഷത്തേക്ക് ലോട്ടറി അടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞേ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരില്‍ ആര്‍ക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല. എന്റെ അവസ്ഥ മനസ്സിലാക്കണം.

 

ആള്‍ക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോള്‍ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം വീട്ടില്‍ കയറാന്‍ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആള്‍ക്കാര്‍ പോലും ശത്രുക്കളായി. പണ്ടും ശത്രുക്കളുണ്ട്. ഇപ്പോള്‍ ശത്രുക്കള്‍ കൂടി വരുന്നു. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാല്‍ മതിയായിരുന്നു. എല്ലാവരെയും സഹായിക്കണം എന്നുണ്ട്. ഇത് മാധ്യമങ്ങളോട് പറയാത്തത്, ഒരു ചാനലിനോട് പറഞ്ഞാല്‍ മറ്റ് ചാനലുകാര്‍ വന്നുകൊണ്ടിരിക്കു'മെന്നും അനൂപ് പറയുന്നു.

 

OTHER SECTIONS