പിഎന്‍ബിക്ക് പിന്നാലെ കാനറ ബാങ്കും: 68 കോടിയുടെ വായ്പ തട്ടിപ്പില്‍ മുന്‍ ബാങ്ക് അധികൃതര്‍ക്കെതിരെ സിബിഐ

By Shyma Mohan.19 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറും അഞ്ച് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ 68.38 കോടിയുടെ വായ്പാ തട്ടിപ്പിന് സിബിഐ കേസെടുത്തു. 2014ല്‍ ഡല്‍ഹി ആസ്ഥാനമായുള്ള സ്ഥാപനവുമായി കൂട്ടുചേര്‍ന്ന് ബാങ്കിനെ വഞ്ചിച്ചു എന്നാരോപിച്ചാണ് പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാനറ ബാങ്കിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍കെ ദുബെ, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അശോക് കുമാര്‍ ഗുപ്ത, വി.എസ് കൃഷ്ണകുമാര്‍, മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുകേഷ് മഹാജന്‍, മുന്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ശ്രീകണ്ഠന്‍, മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉപേന്ദ്ര ദുബെ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഒക്കേഷന്‍ സില്‍വര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് ഡയറക്ടര്‍മാരായ കപില്‍ ഗുപ്തക്കും രാജ്കുമാര്‍ ഗുപ്തക്കുമെതിരെയും സിബിഐ കുറ്രപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2016 ജനുവരി 27ന് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2011 ഡിസംബറില്‍ കമ്പനിക്ക് കാനറ ബാങ്ക് ലോണ്‍ നല്‍കുകയും തുടര്‍ന്ന് 2014 സെപ്തംബര്‍ 29ന് വ്യാജ ഇടപാടുകള്‍ നടത്തി പണം വകമാറ്റി വായ്പ തിരിച്ചടക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുകയായിരുന്നു.