കഞ്ചാവ് വേട്ട; കാറിന്റെ ഡിക്കിക്കുള്ളില്‍ നിന്നും 132 കിലോ കഞ്ചാവ് പിടികൂടി

By parvathyanoop.12 08 2022

imran-azhar

 

 


മലപ്പുറം: വഴിക്കടവ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വഴിക്കടവ് ചെക്‌പോസ്റ്റില്‍ വെച്ച് 5 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോഴാണ് സംഘം ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്.

 

2 കാറുകളില്‍ ഒരു കാറിന്റെ ഡിക്കിക്കുള്ളില്‍ 6 കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.ആന്ധ്ര പ്രദേശില്‍ നിന്ന് കേരളത്തില്‍ വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

 

സമാനരീതിയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കോടി രൂപ വില മതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അഞ്ചു കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി, കണ്ണൂര്‍ സ്വദേശികള്‍ ആണ് പിടിയില്‍ ആയത്. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികള്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇടുക്കി സ്വദേശി അനീഷ് കുര്യന്‍, കണ്ണൂര്‍ കേളകം സ്വദേശി ആല്‍ബിന്‍ എന്നിവരാണ് ഹാഷിഷ് ഓയില്‍ കേരളത്തിലേക്ക് കടത്തിയത്. പ്ലാറ്റ് ഫോമില്‍ വച്ചാണ് ഇരുവരും പിടിയില്‍ ആയത്.

 

രണ്ടാമതായി കണ്ണൂരില്‍ സഹപാഠി കഞ്ചാവ് നല്‍കി ശാരീരികമായി പീഡിപ്പിച്ചെന്നുള്ള ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ കെണിയിലായിട്ടുണ്ടെന്നായിരുന്നു ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍.

 

കഞ്ചാവ് കച്ചവടത്തില്‍ ക്യാരിയര്‍മാരായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. തന്നെപ്പോലെ കെണിയില്‍ പെട്ടുപോയ 11 പെണ്‍കുട്ടികളെ തനിക്കറിയാമെന്നും അവരില്‍ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തുന്നു.

OTHER SECTIONS