ഡി.ജി.പി സെന്‍കുമാറിനെതിരെയുള്ള 6 പരാതികളും നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

By Shyma Mohan.03 Jun, 2017

imran-azhar


    തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട 6 പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെയും കെ.ടി.ഡി.സിയുടെയും എംഡിയായിരുന്ന കാലഘട്ടത്തില്‍ അടക്കം സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് വിജിലന്‍സ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ജൂലൈ 4ന് കോടതി പരിഗണിക്കും.
    സെന്‍കുമാറിനെതിരെയുള്ള പരാതികള്‍ നേരത്തെ പരിശോധിച്ചതാണെന്നും തെളിവുകളില്ലെന്നും നടപടിക്ക് ശുപാര്‍ശകള്‍ ഇല്ലായിരുന്നുവെന്നും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുന്ന സമയത്താണ് പരാതികള്‍ ലഭിച്ചത്. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറായിരിക്കേ(2010-11) ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയതും തിരുവനന്തപുരം ശ്രീകാര്യത്ത് ഒരു സ്ഥാപനത്തിന് നല്‍കിയ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതും രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കേ ആര്‍.ബി.ഐ നല്‍കിയ പരാതിയില്‍ തുടരന്വേഷണം നടത്താത്തതും കണിച്ചുകുളങ്ങര കൊലപാതകക്കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി ഇടപാടുകാര്‍ക്ക് നല്‍കാത്തതില്‍ വീഴ്ച വരുത്തിയത് തുടങ്ങിയ പരാതികളാണ് വിജിലന്‍സ് പരിഗണിച്ചിരുന്നത്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.


OTHER SECTIONS