കാറ്റലോണിയ സര്‍ക്കാരിനെ പിരിച്ചുവിട്ട് 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് സ്‌പെയിന്‍

By Shyma Mohan.21 Oct, 2017

imran-azhar


    മാഡ്രിഡ്: കാറ്റലോണിയയിലെ വിമത നേതൃത്വത്തെ പുറത്താക്കി പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ സ്പാനിഷ് ഭരണകൂടം. സ്‌പെയിനില്‍ നിന്നും സ്വാതന്ത്യം നേടി സ്വതന്ത്ര പരമാധികാര രാഷ്ട്രമായി കാറ്റലോണിയ മാറുന്നത് തടയുന്നതിന് വേണ്ടിയാണ് സ്പാനിഷ് സര്‍ക്കാര്‍ കടുത്ത നടപടിയെടുത്തിരിക്കുന്നത്.
    കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് ക്യാബിനറ്റിന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മരിയാനോ രജോയ് പറഞ്ഞു. സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടുവാനുള്ള കാറ്റലോണിയയുടെ തീരുമാനം ദേശീയ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
    നാലുപതിറ്റാണ്ടോളം നീളുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സ്പാനിഷ് ക്യാബിനറ്റിന്റെ തീരുമാനത്തിന് ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. രാജ്യത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനായി കാറ്റലോണിയന്‍ പ്രസിഡന്റിനെയും സര്‍ക്കാരിനെയും പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കാന്‍ സെനറ്റിനോട് ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി രജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
    1970കളില്‍ ജനാധിപത്യത്തിലേക്ക് മടങ്ങിവന്ന സ്‌പെയിനിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഭരണഘടനയെ ഉപയോഗിച്ച് ഒരു പ്രദേശത്തിന്റെ നിയന്ത്രണം മുഴുവന്‍ ഏറ്റെടുത്ത് തലസ്ഥാനമായ മാഡ്രിഡിന്റെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരുന്നത്. നേരിട്ടുള്ള ഭരണം വരുന്നതോടെ കാറ്റലോണിയയിലെ പോലീസ്, ധനകാര്യം, മീഡിയ എന്നിവ മാഡ്രിഡിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും. പ്രാദേശിക പാര്‍ലമെന്റിന്റെ അധികാരങ്ങളും നിയന്ത്രിക്കപ്പെടും.


OTHER SECTIONS