ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം

By Ameena Shirin s.29 06 2022

imran-azhar

ന്യൂഡല്‍ഹി: ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി.

 

ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയിട്ടും ചില പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതിനാലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ജൂണ്‍ ആറിനും ഒമ്പതിനും നല്‍കിയ നോട്ടീസുകള്‍ പ്രകാരം ട്വിറ്റര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നത്.

 

ഇതേത്തുടര്‍ന്നാണ് പരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി ട്വിറ്ററിന്റെ ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത് . ഏത് പോസ്റ്റിനിതിരെ നടപടി എടുക്കാത്തത് കൊണ്ടാണ് ട്വിറ്ററിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതെന്ന് വ്യക്തമല്ല.

 

അതേസമയം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക മാധ്യമങ്ങളും രാജ്യത്തെ ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും നോട്ടീസില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ നഷ്ടമായാല്‍ 2000-ലെ ഐടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ട്വിറ്ററിന് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനാകും.

 

OTHER SECTIONS