ബഹിരാകാശത്തെ ചൈനീസ് വിപ്ലവം; ടിയാന്‍ഗോംഗ് എന്ന ഡമോക്ലീസിന്റെ വാള്‍

By RK.16 10 2021

imran-azhar

 

ബഹിരാകാശത്തെ അമേരിക്കയുടെ ഏകാധിപത്യത്തെയാണ് ചൈന വെല്ലുവിളിച്ചിരിക്കുന്നത്. ഇത് ലോകരാജ്യങ്ങള്‍ക്ക് വെല്ലുവിളി ആകുമോ എന്ന് ഇനി വൈകാതെ തന്നെ അറിയാന്‍ സാധിക്കും. ബഹിരാകാശ പദ്ധതിയുടെ സഹായത്തോടെ അമേരിക്കയ്ക്ക് മുകളില്‍ മാത്രമല്ല സര്‍വലോകത്തിന് മുകളിലും ആധിപത്യം സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം

 

രാജേഷ് ആര്‍.

 

ചൈന ബഹിരാകാശത്ത് ഒരു ചൈനീസ് വിപ്ലവത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്ന് പറഞ്ഞാന്‍ അതില്‍ അതിശയോക്തിയില്ല. മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികര്‍ അവരുടെ സ്വന്തം ബഹിരാകാശനിലമായ ടിയാന്‍ഗോംങ്ങിലേക്ക് യാത്ര തിരിച്ചിരിച്ചത് വെറുതെയല്ല. ചൈനക്ക് ഏറ്റവും അഭിമാനകരമായ നിമിഷമാണിത്. ബഹിരാകാശത്തെ അമേരിക്കയുടെ ഏകാദിപത്യത്തെയാണ് ചൈന വെല്ലുവിളിച്ചിരിക്കുന്നത്. ഇത് ലോകരാജ്യങ്ങള്‍ക്ക് വെല്ലുവിളി ആകുമോ എന്ന് ഇനി വൈകതെ തന്നെ അറിയാന്‍ സാധിക്കും.

 

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള പേടകം ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ടത്. വിക്ഷേപണം വിജയകരമായിരുന്നുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ടീം ആറ് മാസം ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

10 വര്‍ഷമെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം ബഹിരാകാശ നിലയത്തെ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് യാത്രികരുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ചൈന തെരഞ്ഞെടുത്ത് അയച്ചതും ഏറെ പരിചയ സമ്പന്നരായ ബഹിരാകാശ ശസ്ത്രജ്ഞരെ തന്നെയാണ്. 2008 ല്‍ രാജ്യത്തെ ആദ്യത്തെ ബഹിരാകാശ നടത്തം നടത്തിയ മുന്‍ യുദ്ധവിമാന പൈലറ്റായ ഷായ് ജിഗാങാണ് മിഷന്‍ കമാന്‍ഡര്‍. സൈനിക പൈലറ്റും ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രികയുമായ വാങ് യാപ്പിംഗ്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പൈലറ്റായ ഗ്വാങ്ഫു എന്നിവരാണ് മിഷനിലെ മറ്റു ബഹിരാകാശ യാത്രികര്‍.

 

ടിയാന്‍ഗോങ്ങിന്റെ പ്രധാന ഘടകം ഈ വര്‍ഷം ആദ്യം ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. 2022 ഓടെ സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. 1980 മുതല്‍ 2001 വരെ ഭൂമിയെ ചുറ്റിയ സോവിയറ്റ് യൂണിയന്റെ മിര്‍ സ്റ്റേഷനു സമാനമായാണ് ടിയാന്‍ഗോങ്ങിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അടുത്ത വര്‍ഷം അവസാനം വരെ ചൈനീസ് ബഹിരാകാശ ഏജന്‍സി ടിയാന്‍ഗോങ്ങിലേക്ക് മൊത്തം 11 ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. 70 ടണ്‍ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിന് രണ്ട് ലാബ് മൊഡ്യൂളുകള്‍ നല്‍കുന്ന രണ്ട് ക്രൂഡ് ലോഞ്ചുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികര്‍ക്ക് പ്രത്യേക താമസസ്ഥലങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഇമെയിലുകളും വീഡിയോ കോളുകളും ഉള്‍പ്പെടെ ആശയവിനിമയം നടത്തുന്നിനുള്ള സംവിധാനങ്ങള്‍ എന്നിവ ഉണ്ടാകും.

 

അമേരിക്ക, റഷ്യ, കാനഡ, യൂറോപ്പ്, ജപ്പാന്‍ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചൈനീസ് ബഹിരാകാശ യാത്രികര്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ വിലക്കാണ് ചൈനയുടെ ബഹിരാകാശ മോഹങ്ങള്‍ക്ക് ഉര്‍ജ്ജം പകര്‍ന്നത്. ശീതയുദ്ധക്കാലത്ത് വന്‍ശക്തികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തില്‍ വലിയ ആയുധപന്തയത്തിന് ബഹിരാകാശം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഈ ബഹിരാകാശ മത്സരം അവസാനിച്ചിരുന്നു. ഇപ്പോള്‍ പഴയ സോവിയറ്റ് യൂണിയന്റെ സ്ഥാനം ചൈന സ്വയം ഏറ്റെടുക്കുകയായിരുന്നു. ബഹിരാകാശ പദ്ധതിയുടെ സഹായത്തോടെ അമേരിക്കയ്ക്ക് മുകളില്‍ മാത്രമല്ല സര്‍വലോകത്തിന് മുകളിലും ആധിപത്യം സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സവിശേഷതയായ സാങ്കേതികമായും വിവര ശേഖരണത്തിലും പുരോഗതി കൈവരിച്ച യുദ്ധങ്ങളില്‍, ബഹിരാകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കരയില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കുള്‍പ്പടെ കൃത്യതയാര്‍ന്ന തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു രാജ്യം കയ്യാളുന്ന ബഹിരാകാശ ആസ്തി വാഗ്ദാനം ചെയ്യുന്ന സഹായം ചെറുതല്ല. ഇക്കാര്യത്തില്‍, ബഹിരാകാശത്തെ ആയുധവത്ക്കരിക്കാനും ഈ മേഖലയെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ വന്‍കിട ശക്തികളില്‍നിന്ന് പ്രതീക്ഷിക്കേണ്ടതാണ്. ബഹിരാകാശത്ത് ആയുധങ്ങളും സൈനിക സാങ്കേതിക വിദ്യയും സ്ഥാപിക്കുന്നതും വികസിപ്പിക്കുന്നതും ഈ പറയുന്ന ആയുധവത്ക്കരണത്തില്‍ ഉള്‍പ്പെടുന്നു.

 

 

 

 

 

 

 

OTHER SECTIONS