വിദേശ ചാരന്‍മാരെക്കുറിച്ച് വിവരം നല്‍കാന്‍ വെബ്‌സൈറ്റുമായി ചൈന

By Shyma Mohan.16 Apr, 2018

imran-azhar


    ബീജിംഗ്: വിദേശ ചാരപ്പണിക്കെതിരെയുള്ള പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈന മന്ദാരിനിലും ഇംഗ്ലീഷിലും വെബ്‌സൈറ്റുകള്‍ തുടങ്ങി. ദേശീയ സുരക്ഷാ ഭീഷണിയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തൂത്തെറിയാനുള്ള ശ്രമങ്ങളും ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹനം നല്‍കാനാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. www. 12339.gov.cn എന്ന വെബ്‌സൈറ്റിന് ദേശീയ സുരക്ഷാ മന്ത്രാലയമാണ് തുടക്കം കുറിച്ചത്. ചൈനീസ് പൗരന്‍മാരോ വിദേശീയരോ സര്‍ക്കാര്‍-സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സായുധ കലാപമോ വംശീയ വിഭാഗീയതയോ വളര്‍ത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആര്‍ക്ക് വേണമെങ്കിലും വെബ്‌സൈറ്റിലൂടെ അക്കാര്യം സര്‍ക്കാരിനെ അറിയിക്കാവുന്നതാണ്. വിദേശ പൗരന്‍മാര്‍ ചൈനയില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കാണുകയോ രാജ്യ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ അവസരം ഒരുക്കുന്നതാണ് പുതിയ സംരംഭം. ചാരപ്പണി നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചാരന്‍മാരെക്കുറിച്ച് വിവരം നല്‍കുന്നതിന് 1500 ഡോളര്‍ മുതല്‍ 73000 ഡോളര്‍ വരെ ബീജിംഗ് സിറ്റി നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ പാരിതോഷികം നല്‍കി വന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചാരപ്പണിയെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ വെബ്‌സൈറ്റില്‍ പാരിതോഷികം എത്ര നല്‍കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.


OTHER SECTIONS