ഇന്ത്യയുടെ ആശങ്ക കാറ്റില്‍ പറത്തി ചൈനീസ് ചാര കപ്പല്‍ തുറമുഖത്തേക്ക്

By Shyma Mohan.13 08 2022

imran-azhar


കൊളംബോ: ഇന്ത്യയുടെ ആശങ്ക വകവെയ്ക്കാതെ ചൈനീസ് ചാര കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക്. ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദര്‍ശിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

ന്യൂഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളില്‍ ചാരപ്പണി നടത്തുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. യുവാന്‍ വാങ് 5നെ അന്താരാഷ്ട്ര ഷിപ്പിംഗ്, അനലിറ്റിക്‌സ് സൈറ്റുകള്‍ ഒരു ഗവേഷണ, സര്‍വ്വേ വെസല്‍ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യയില്‍ ഇതിന് ചാര കപ്പല്‍ പരിവേഷമാണുള്ളത്.

 

ഓഗസ്റ്റ് 16 മുതല്‍ 22 വരെ ചൈനീസ് കപ്പലിന് ഹമ്പന്‍ടോട്ടയില്‍ എത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മ്മല്‍ പി.സില്‍വ പറഞ്ഞു. നയതന്ത്ര അനുമതി ലഭിച്ചത് ഇന്നാണ്. തുറമുഖത്ത് ലോജിസ്റ്റിക്‌സ് ഉറപ്പാക്കാന്‍ കപ്പല്‍ നിയോഗിച്ച പ്രാദേശിക ഏജന്റുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും സില്‍വ പറഞ്ഞു. കപ്പല്‍ സന്ദര്‍ശനത്തിനുള്ള അനുമതി കൊളംബോ പുതുക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബീജിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തിലും ശ്രീലങ്കയിലെ സ്വാധീനത്തിലും ഇന്ത്യ ആശങ്കാകുലരാണ്. 2014ല്‍ ചൈനയുടെ ഒരു ആണവ അന്തര്‍വാഹിനിക്ക് കൊളംബോയിലെ ഒരു തുറമുഖത്ത് ഡോക്ക് ചെയ്യാന്‍ അനുതി നല്‍കിയത് ഇന്ത്യയും ലങ്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് വഴിവെച്ചിരുന്നു.

 

OTHER SECTIONS