ലോക്കില്‍ കുരുങ്ങി കയര്‍ മേഖല ; രണ്ടായിരത്തോളം തൊഴിലാളികള്‍ ദുരിതത്തില്‍

By എസ്.ആര്‍.സുജിത്.04 08 2020

imran-azhar

 

 

കോവളം: കോവിഡ് വ്യാപനത്തോടെ ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ പൂന്തുറ മുതല്‍ കോവളം വരെയുള്ള കയര്‍ത്തൊഴിലാളികള്‍ ദുരിതത്തില്‍. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ കയര്‍ സംഘങ്ങളിലും കുടില്‍ വ്യവസായമായി വീടുകളില്‍ കയര്‍ പിരിക്കുന്നവര്‍ക്കും അതിന് കഴിയാത്ത അവസ്ഥയിലാണ്. പൂന്തുറ മുതല്‍ കോവളം വരെയുള്ള കയര്‍ മേഖലയില്‍ തൊണ്ടു തല്ലുന്നതിന് ഏക ആശ്രയമായ പനത്തുറയിലെ തൊണ്ടുതല്ലു മെഷീന്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കയര്‍ പിരിക്കുന്നതിന് ആവശ്യമായ ചകിരി കിട്ടാതെ വരികയും ചെയ്തതോടുകൂടി കയര്‍ മേഖലയിലെ പ്രതിസന്ധി ഇരട്ടിയായി.

 

ജൂണ്‍ മാസം അവസാനത്തോടെ ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നപ്പോള്‍ തൊഴില്‍ പുനരാരംഭിച്ചെങ്കിലും ജൂലായ് മാസം വീണ്ടും ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണും നിലവില്‍വന്നു. ഇതോടുകൂടി കയര്‍ ഉല്‍പ്പാദന മേഖല പൂര്‍ണ്ണമായും സ്തംഭിക്കുകയായിരുന്നു. പൂന്തുറ മുതല്‍ കോവളം വരെ എട്ടോളം കയര്‍ സംഘങ്ങളും അതിലേറെ വരുന്ന സ്വകാര്യ കുടില്‍ വ്യവസായ മേഖലയിലും തൊഴില്‍ ചെയ്യാന്‍ കഴിയാതെ തൊഴിലാളികള്‍ കഷ്ടത്തിലാണ്. രണ്ടായിരത്തോളം തൊഴിലാളികള്‍ ഈ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. വെള്ളാര്‍ വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ തൊണ്ടുതല്ലു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

 

ഒന്നാം ഘട്ട ലോക്ക്ഡൗണില്‍ ഏപ്രില്‍ മാസത്തില്‍ കയര്‍ത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ ധനസഹായവും ഭക്ഷ്യധാന്യങ്ങളും നല്‍കിയിരുന്നു. മാസങ്ങളായി തൊഴില്‍ ചെയ്യാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്ന കയര്‍ത്തൊഴിലാളികള്‍ക്ക് രണ്ടാം ഘട്ടമായി സാമ്പത്തിക സഹായവും ഭക്ഷ്യധാന്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. വെള്ളാര്‍ വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി കയര്‍ പിരി പുനരാരംഭിക്കുന്നതിനും അതോടൊപ്പം ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു ആവശ്യപ്പെട്ടു .

 

 

 

OTHER SECTIONS