മോദി സ്തുതി: ആസാദ് ശരിയായ സമയത്ത് കാര്യങ്ങൾ വിശദീകരി ച്ചേക്കും

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയിൽ പ്രശംസിച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ നടപടി കോൺഗ്രസിനെ ഒട്ടാകെ അമ്പരപ്പിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ആസാദ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിർത്തണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്ന് പ്രസ്താവനയിറക്കിയതിനു പിന്നാലെയാണ് ഇത്.

കഴിഞ്ഞ ദിവസം ജമ്മുവിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു മോദിയെ ആസാദ് പ്രശംസിച്ചത്. ഇത് കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ചില്ലെന്നും അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും ആസാദുമായി അടുത്തവൃത്തങ്ങൾ പറയുന്നു. ശരിയായ സമയത്ത് ആസാദ് കാര്യങ്ങൾ വിശദീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

'ജനങ്ങൾ നരേന്ദ്രമോദിയിൽ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകൾ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ് വാലയെന്നാണ്. നരേന്ദ്രമോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്'- എന്നായിരുന്നു ആസാദിന്റെ വാക്കുകൾ.

രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനൽകിയതിന് പിന്നാലെയായിരുന്നു ആസാദിന്റെ മോദിപ്രശംസ. ഗുലാം നബി ആസാദിന് വിടനൽകിക്കൊണ്ട് രാജ്യസഭയിൽ നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു. 2007-ലെ ഭീകരവാദ അക്രമത്തിൽ കശ്മീരിൽ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നൽകിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മോദി വികരാധീനനായത്.

പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്ന് ട്വീറ്റ് ചെയ്തു. ഗുലാം നബി ആസാദിന്റെയും മറ്റൊരു മുതിർന്ന നേതാവായ ആനന്ദ് ശർമയുടെയും പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അധീർ രഞ്ജന്റെ പ്രതികരണം. വ്യക്തിപരമായ സൗകര്യങ്ങൾ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും നരേന്ദ്ര മോദിയെ സ്തുതിക്കുകയും ചെയ്യുന്ന ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് അവർ ചെയ്യേണ്ടത്, അവരെ വളർത്തിക്കൊണ്ടുവന്ന പാർട്ടിയെ ദുർബലപ്പെടുത്തുകയല്ല എന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ ട്വീറ്റ്.

ബിജെപിയുടെ വിഷലിപ്തമായ വർഗീയതയ്‌ക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരാണ് കോൺഗ്രസിന്റെ നേതാക്കൾ. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുകയും പാർട്ടിക്ക് പിന്തുണ നൽകുകയുമാണ് അവർ ചെയ്യേണ്ടതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

പശ്ചിമബംഗാളിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്‌റുവും മുന്നോട്ടുവെച്ച കോൺഗ്രസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വിഷയങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി ചർച്ചചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു.
വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ നടത്താൻ പാടില്ല. എല്ലാ തരത്തിലുമുള്ള വർഗീയതയ്‌ക്കെതിരെയും നാം പോരാടണം. പശ്ചിമബംഗാളിലെ കോൺഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

OTHER SECTIONS