നവാസ് ഷെരീഫിനെതിരെയുള്ള അഴിമതിക്കേസുകള്‍: സുപ്രീം കോടതി ജഡ്ജിയുടെ വസതിക്ക് നേരെ വെടിവെപ്പ്

By Shyma Mohan.15 Apr, 2018

imran-azhar


    ലാഹോര്‍: പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയുള്ള അഴിമതിക്കേസുകള്‍ പരിശോധിക്കുന്ന സുപ്രീം കോടതി ജഡ്ജിയുടെ വസതിക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ലാഹോറിലെ മോഡല്‍ ടൗണിലുള്ള സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇജാസ് ഉള്‍ അഹ്‌സന്റെ വസതിക്കു നേരെയാണ് വെടിവെപ്പുണ്ടായത്. പാകിസ്ഥാന്‍ സമയം ഞായറാഴ്ച രാവിലെ 4.30ക്കും 9 മണിക്കും ഇടയിലാണ് വെടിവെപ്പുണ്ടായതെന്ന് സുപ്രീം കോടതി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മിയാന്‍ സാക്കിബ് നിസാര്‍ ജസ്റ്റിസ് അഹ്‌സന്റെ വസതി സന്ദര്‍ശിക്കുകയും പിന്നീട് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആരിഫ് നവാസ് ഖാനെ വിളിച്ചുവരുത്തുകയും ചെയ്തു. ഫോറന്‍സിക് സംഘം പരിശോധനക്കായി സംഭവസ്ഥലത്തെത്തി. സ്ഥിതിഗതികള്‍ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചുവരികയാണ്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ പനാമ പേപ്പേഴ്‌സിലെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിധിയെ തുടര്‍ന്ന് നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവര്‍ക്കും മരുമകനായ മുഹമ്മദ് സഫ്താറിനുമെതിരെയുള്ള മൂന്ന് അഴിമതിക്കേസുകള്‍  ജസ്റ്റിസ് അഫ്‌സനാണ് നിരീക്ഷിച്ചുവരുന്നത്. വിദേശ രാജ്യങ്ങളില്‍ വന്‍തോതില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ഷെരീഫിന്റെ കുടുംബത്തിനെതിരെ ചുമത്തിയിട്ടുണ്ട്.