കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്തുന്നതിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് ഡോ: തോമസ് ഐസക്

By Akhila Vipin .08 04 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്തുന്നതിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിർത്തലാക്കിയത് വളരെ വിചിത്രമായ നടപടിയാണെന്ന് ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. കോവിഡ് പകർച്ചവ്യാധി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരു സംസ്ഥാനത്തു തന്നെ എല്ലാ ജില്ലകളിലും ഒരേപോലെയല്ല ബാധിച്ചിട്ടുള്ളത്. അതുകൊണ്ടു കൂടുതൽ വികേന്ദ്രീകൃതമായ ഇടപെടൽ വളരെ പ്രധാനമാണ്. ഈ പശ്ചാത്തലത്തിലാണ് എംപി ഫണ്ട് പ്രസക്തമായിത്തീരുന്നതെന്നും ഓരോ പ്രദേശത്തിന്റെയും ആരോഗ്യ പ്രശ്നം അറിഞ്ഞ് അവിടുത്തെ ജനപ്രതിനിധികൾക്ക് ഈ പണം ചെലവഴിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിന്റെ നല്ലൊരു ഉദാഹരണമാണ് തിരുവനന്തപുരത്തെ പാർലമെന്റ് അംഗം ഡോ. ശശി തരൂർ ചെയ്തത്. അദ്ദേഹത്തിന്റെ ബന്ധങ്ങൾകൂടി ഉപയോഗപ്പെടുത്തി നൂതനമായ പരിശോധനകൾക്കുള്ള ഉപകരണങ്ങൾ കൊണ്ടുവന്നു. ഇത് ശ്രദ്ധേയമായ ഒരു ഇടപെടലാണെന്നും ഇങ്ങനെയൊരു ഫണ്ട് അദ്ദേഹത്തിന് ചെലവഴിക്കാൻ കഴിയാതിരുന്നുവെങ്കിൽ ഇത്തരമൊരു നടപടി സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നോവെന്നും മന്ത്രി പ്രതികരിച്ചു.

 

ആരും പറയാതെ തന്നെ എംപിമാരും എംഎൽഎമാരും തങ്ങളുടെ ഫണ്ട് ഇത്തരം കാര്യങ്ങൾക്കായി മാറ്റി വച്ചിട്ടുണ്ട്. ഒട്ടനവധി എംഎൽഎമാർ അവരുടെ പ്രദേശത്തെ ആശുപത്രികൾ, ടെസ്റ്റിംഗ് ലാബുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിനും പ്രത്യേക അനുമതിക്കായി അപേക്ഷ സമർപ്പിക്കുന്നു. അവർക്കെല്ലാം അനുവാദവും കൊടുത്തിട്ടുണ്ട്. സാധാരണഗതിയിൽ ആസ്തി നിർമ്മാണത്തിനല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്താൻ അനുവാദമില്ല. എംഎൽഎമാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന ആവശ്യപ്രകാരം ഇത്തരം ആവശ്യങ്ങൾക്ക് കാലതാമസം വരാതെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്താൻ പൊതുഅനുവാദം നൽകിക്കൊണ്ട് ഉത്തരവ് ഇറക്കുവാൻ കേരളം തീരുമാനിച്ചിരിക്കുകയാണ്.

 

ഈയൊരു സന്ദർഭത്തിലാണ് കേന്ദ്രസർക്കാർ കോവിഡിന്റെ പശ്ചാത്തലത്തിൽ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇല്ലാതാക്കുന്നത്. ഇത് കോവിഡ് പ്രതിരോധത്തിനു വേണ്ടിയുള്ള ഏതെങ്കിലും പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുകയല്ല ചെയ്തിട്ടുള്ളത്. അതിനു പകരം കേന്ദ്ര കൺസോളിഡേറ്റഡ് ഫണ്ടിൽ ലയിപ്പിക്കുകയാണ് ചെയ്തത്. എന്നുവച്ചാൽ കേന്ദ്രസർക്കാരിന്റെ പൊതുചെലവ് ചുരുക്കൽ പരിപാടിയുടെ ഭാഗമാണ് ഇത്.

 

ഇതൊരു അസംബന്ധ നയമാണ്. കാരണം, ഇന്നത്തെ സാഹചര്യത്തിൽ ചെലവു ചുരുക്കുകയല്ല, ചെലവു വർദ്ധിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ പോലെയല്ല കേന്ദ്രം. അവർക്ക് തന്നിഷ്ടപ്രകാരം വായ്പയെടുക്കാം, റിസർവ്വ് ബാങ്കിനെക്കൊണ്ട് പുതിയ പണം ഇറക്കിക്കാം. ഇതൊന്നും ഉപയോഗപ്പെടുത്താതെ ഇന്നത്തെ പകർച്ചവ്യാധിക്ക് പ്രതിരോധം ഒരുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാവുന്ന ഒരു ഫണ്ട് ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് അത്യന്തം പ്രതിഷേധാർഹമാണ്.

 

പണത്തിന് ഇത്ര ബുദ്ധിമുട്ടാണ്, എന്നാൽ വായ്പയെടുക്കാൻ തയ്യാറുമല്ലെങ്കിൽ കോർപ്പറേറ്റ് ടാക്സ് ഇളവ് വെട്ടിക്കുറയ്ക്കൂ. അതല്ലെങ്കിൽ ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിനും കൂടെയുള്ള മറ്റു മന്ദിരങ്ങൾക്കുമായി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പ്രോജക്ട് തൽക്കാലം മാറ്റിവയ്ക്കണമെന്നും എംപി ഫണ്ട് പുനസ്ഥാപിക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി.

 

 

 

OTHER SECTIONS