ബെഹ്‌റയ്ക്ക് വീണ്ടും കുരുക്ക്; തണ്ടര്‍ ബോള്‍ട്ടിന് ക്യാമറ വാങ്ങിയതിലും ക്രമക്കേട്

By online desk.17 02 2020

imran-azhar

 


തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി സജ്ജമാക്കിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ മറവിലും സംസ്ഥാന പൊലീസില്‍ വന്‍ അഴിമതി നടന്നെന്ന് ആരോപണം. തണ്ടര്‍ ബോള്‍ട്ടിന് വേണ്ടി ക്യാമറകള്‍ വാങ്ങിയതിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 95 ലക്ഷം രൂപ മുടക്കി വാങ്ങിയ നൈറ്റ് വിഷന്‍ റിമോട്ട് ക്യാമറകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കാന്‍ കഴിയാതെ സ്റ്റോറില്‍ കെട്ടിക്കിടക്കുകയാണ്. പൊലീസിന് യൂണിഫോം തുണി നല്‍കുന്ന സ്ഥാപനമാണ് ബിനാമി പേരില്‍ ടെണ്ടറില്‍ പങ്കെടുത്തതെന്ന് ആഭ്യന്തര പരിശോധനയില്‍ തെളിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല.വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലും സിംസ് പദ്ധതിയിലും സിഎജി റിപ്പോര്‍ട്ടിലൂടെ ക്രമക്കേട് വെളിച്ചത്ത് വരുന്നതിനിടെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സംശയത്തിന്റെ നിഴലിലാക്കുന്ന മറ്റൊരു ഇടപാട് കൂടി പുറത്താകുന്നത്. ബെഹ്‌റ പൊലീസ് ആസ്ഥാനത്ത് നവീകരണ ചുമതലയുള്ള എഡിജിപിയായിരിക്കുമ്പോഴാണ് നൈറ്റ് വിഷന്‍ ക്യാമറകള്‍ വാങ്ങിയത്. കോര്‍ ഇ.എല്‍.ടെക്‌നോളജീസ് എന്ന സ്ഥാപനം മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഒറ്റ കമ്പനി മാത്രം ടെണ്ടറില്‍ പങ്കെടുക്കുകയാണെങ്കില്‍ വീണ്ടും ടെണ്ടര്‍ വിളിക്കുകയോ, കമ്പനിയുമായി വീണ്ടും വിലപേശല്‍ നടക്കുകയോ ചെയ്യണമെന്നാണ് ചട്ടം.
ഇതൊന്നു കൂടാതെ കമ്പനിക്ക് ടെണ്ടര്‍ അനുവദിച്ചു.

 

മാത്രമല്ല രണ്ട് ക്യാമറകള്‍ വരുന്നതിന് മുമ്പേ കമ്പനിക്ക് പണം അനുവദിക്കാനും ഉത്തരവിട്ടു. ക്യാമറ വരാതെ പണം നല്‍കാനുള്ള നീക്കം ആഭ്യന്തര ഓഡിറ്റ് പിടികൂടിയതോടെ പണം നല്‍കുന്നത് മരവിപ്പിച്ചു. പിന്നീടാണ് കൂടുതല്‍ കള്ളക്കളി പുറത്തായത്. പൊലീസിന് യൂണിഫോം തുണി നല്‍കന്ന തലസ്ഥാനത്ത ഒരു സ്ഥാപനത്തിന്റെ ബിനാമി സ്ഥാപനമാണ് ക്യാമറകളും വിതരണം ചെയ്ത കമ്പനി. ക്യമാറകള്‍ വന്നുവെങ്കിലും ഇതിന്റെ പ്രവര്‍ത്തനം പൊലീസിനെ പഠിപ്പിക്കാന്‍ കമ്പനിയില്‍ നിന്ന് വിദഗ്ധരാരും വന്നില്ല. ടെണ്ടറില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.

 


ബംഗളൂരു പൊലീസും സമാന ക്യാമറ വാങ്ങിയിരുന്നു. മൂന്നു വര്‍ഷത്തെ വാറണ്ടിയിലാണ് ക്യാമറ വാങ്ങിയെതെങ്കില്‍ കേരള പൊലീസ് ഒരു വര്‍ഷത്തെ വാറണ്ടിയാണ് ടെണ്ടറില്‍ മുന്നോട്ടു വച്ചത്. വയനാട്, മലപ്പുറം എസ്പിമാരും ആന്റി ടെററിസ്റ്റ്് സ്‌ക്വാഡ് എസ്പിയും ക്യാമറകള്‍ നിലവാരം കുറഞ്ഞതാണെന്ന് മുന്‍ ഡിജിപി സെന്‍കുമാറിന് കത്തയെഴുതി. കമ്പനിക്ക് പണം നല്‍കരുതെന്നും ടെണ്ടര്‍ നടപടികള്‍ പാലിക്കാത്ത സധനങ്ങള്‍ വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് ആസ്ഥാനത്തു നിന്ന് സര്‍ക്കാരിന് കത്തയച്ചു. കമ്പനിക്ക് സര്‍ക്കാര്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. പക്ഷെ പൊലീസ് വാങ്ങിയ ക്യാമകള്‍ ഇപ്പോഴും മലപ്പുറം അരീക്കോട് ആന്റി ടെററിസ്റ്റ് യൂണിറ്റിലെ സ്റ്റോറില്‍ പൊടിപിടിച്ചു കിടക്കുകയാണ്.

 

 

 

OTHER SECTIONS