By parvathyanoop.06 07 2022
യാത്ര പോയ സന്താഷം പിന്നീട് മരണത്തില്‍ കലാശിച്ചു.തലനാരിഴക്ക് രക്ഷപ്പെട്ട മകളും അവര്‍ക്കൊപ്പം ഇന്ന് മരണപ്പെട്ടു.കുഞ്ഞുശ്രേയയുടെ ജീവന് വേണ്ടി ഒരു നാടൊന്നാകെ പ്രാര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. കൊല്ലം കൊട്ടാരക്കര കുളക്കടയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി ശ്രേയയും ഒടുവില്‍ മാതാപിതാക്കളുടെ അടുത്തേക്ക് യാത്രയായി.
ഇന്നലെ അപകടത്തില്‍ മരിച്ച ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകള്‍ മൂന്നു വയസുകാരി ശ്രേയ ആണ് ഇന്ന് മരണപ്പെട്ടത്. ഗുരുതരവാസ്ഥയിലായിരുന്ന ശ്രേയയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുശ്രമിച്ചിട്ടും ചികിത്സയും പ്രാര്‍ത്ഥനകളും വിഫലമായി. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിക്കാണ് കുളക്കടയില്‍ വച്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാടിനെ നടുക്കിയ അപകടമുണ്ടായത്.
അപകടത്തില്‍ സാരമായി പരുക്കേറ്റ ബിനീഷ് -അഞ്ജു ദമ്പതികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. എറണാകുളത്ത് ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ മഴയില്‍ നിയന്ത്രണം വിട്ടിടിച്ചാണ് അപകടം ഉണ്ടായത്. ഈ കാര്‍ ഓടിച്ചിരുന്ന അടൂര്‍ ചൂരക്കോട് സ്വദേശിയായ അരവിന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളത്തുള്ള സഹോദരിയുടെ കുഞ്ഞിനെ കാണാനാണ് കുഞ്ഞുമൊത്ത് ബിനീഷും ഭാര്യയും യാത്ര പുറപ്പെട്ടത്. വിധിയെ വിളിച്ചുവരുത്തിയത് പോലെയായിരുന്നു ശ്രേയയെ അച്ഛനും അമ്മയും ഒപ്പം കൂട്ടിയത്.പുനലൂരിലെ അഞ്ജുവിന്റെ വീട്ടിലായിരുന്ന ശ്രീക്കുട്ടിയെ അവിടെയെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ഇരുവരും.നാടിനെ ഒന്നാകെ ദുരന്തത്തിലാക്കിയ അപകടം നേരില്‍ കണ്ട നിര്‍ഭാഗ്യവാനാണ് ബിനീഷിന്റെ അച്ഛന് കൃഷ്ണന്‍കുട്ടി.
രാത്രി പതിനൊന്നരയ്ക്ക് കൃഷ്ണന്‍കുട്ടി ഫോണ്‍ ചെയ്യുമ്പോള്‍ ബിനീഷ് അടൂര്‍ കഴിഞ്ഞിരുന്നു. പന്ത്രണ്ട് മണിയോടെ കൃഷ്ണന്‍കുട്ടി ലൈവ് കണ്ടു, കുളക്കടയില്‍ ഒരു വാഹനാപകടം. പക്ഷേ മകനും കുടുംബവുമാണ് ദുരന്തത്തിന്റെ ഇരകളായതെന്ന് ആ പിതാവറിഞ്ഞില്ല. പോലീസിന്റെ ഫോണ്‍ വന്നപ്പോഴാണ് വിവരമറിയുന്നത്. മകനെയും മരുമകളെയും നഷ്ടമായ ദുഖത്തില്‍ കൃഷ്ണന്‍കുട്ടിക്കും കുടുംബത്തിനും ഏക പ്രതീക്ഷയായിരുന്നു ശ്രേയ.