12 വയസ് വരെ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ: ഓര്‍ഡിനന്‍സ് ഇറക്കാന്‍ മോദി സര്‍ക്കാര്‍

By Shyma Mohan.20 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്ത് അരങ്ങേറുന്ന പീഡന പരമ്പരകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പോസ്‌കോ ചട്ടം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്ര ക്യാബിനറ്റ് തയ്യാറെടുക്കുന്നത്. 12 വയസ് വരെ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ചുവരുന്നവര്‍ക്കും വധശിക്ഷ നല്‍കാന്‍ അനുവദിക്കാനാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് ജീവപര്യന്തം തടവാണ് പീഡനക്കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ. ചുരുങ്ങിയ ശിക്ഷ ഏഴു വര്‍ഷത്തെ തടവും. 2012 ഡിസംബറിലെ നിര്‍ഭയ കേസിനു ശേഷമാണ് ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് പീഡനത്തിനിരയായ യുവതി മരിക്കുകയോ പീഡനത്തിനുശേഷം ജീവച്ഛവമായി തുടരുകയോ ചെയ്താല്‍ വധശിക്ഷ അനുവദിക്കാമെന്ന് ഓര്‍ഡിനന്‍സിലൂടെ ക്രിമിനല്‍ നിയമ ഭേദഗതി ചട്ടം പരിഷ്‌കരിച്ചിരുന്നു. 12 വയസ് വരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നിയമ ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.


OTHER SECTIONS