ആദിത്യനാഥ് സര്‍ക്കാര്‍ പണി തുടങ്ങി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്തുവിവരം വെളിപ്പെടുത്തണം

By Shyma Mohan.20 Mar, 2017

imran-azhar


    ലക്‌നൗ: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പണി തുടങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 15 ദിവസത്തിനകം സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ സ്വത്തുവിവരം പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയും നടപടി വരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റായ ലോക് ഭവനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഉദ്യോഗസ്ഥര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം ആദിത്യനാഥ് മുന്നോട്ടുവെച്ചത്. ബി.ജെ.പിയുടെ പ്രകടന പത്രിക നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന നിര്‍ദ്ദേശവും ബി.ജെ.പി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ 65ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തത്. ഉദ്യോഗസ്ഥര്‍ക്കെല്ലാം ബി.ജെ.പിയുടെ പ്രകടന പത്രിക നല്‍കുകയും ഓരോ വകുപ്പുകളിലും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അലഹാബാദില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവന്ന രണ്ട് അറവുശാലകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

OTHER SECTIONS