നിലപാടില്‍ അയവ് വരുത്തി കെജ്‌രിവാള്‍; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കും

By Shyma Mohan.18 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ജനറലുമായുള്ള ഏറ്റുമുട്ടലില്‍ നിലപാടില്‍ മയം വരുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ഏഴു ദിവസമായി ലെഫ്റ്റനന്റ് ജനറലിന്റെ വസതിയില്‍ നടത്തിവരുന്ന കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള കുത്തിയിരിപ്പ് സമരം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നാല് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ നേടുകയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ എഎപി ആഹ്വാനം ചെയ്തതിനും തൊട്ടുപിന്നാലെയാണ് കെജ്‌രിവാള്‍ നിലപാടില്‍ മയം വരുത്തിയിരിക്കുന്നത്. മോദിയുടെ വസതിയിലേക്ക് എഎപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് അനുമതി നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞതിനൊപ്പം എഎപി മാര്‍ച്ച് പിന്‍വലിക്കുകയുമുണ്ടായി. കൂടാതെ ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ പണിമുടക്ക് നടത്തുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷയെ കരുതി ആശങ്കയുണ്ടെന്നും പത്രസമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെജ് രിവാള്‍ ഡല്‍ഹിയിലെ എല്ലാ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് പൊതുപ്രഖ്യാപനം നടത്തിയിരിക്കുന്നത്. എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബോയ്‌ക്കോട്ട് ചെയ്യരുതെന്നും ജോലിയിലേക്ക് മടങ്ങിവരാനും കെജ് രിവാള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴു ദിവസമായി കടുത്ത നിലപാട് എടുത്തിരുന്ന കെജ്‌രിവാളാണ് ഇപ്പോള്‍ നിലപാടില്‍ അയവ് വരുത്തിക്കൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തിവരുന്ന കുത്തിയിരിപ്പ് സമരം പിന്‍വലിക്കുന്നതായ ഒരു പ്രഖ്യാപനവും ഡല്‍ഹി മുഖ്യമന്ത്രി നടത്തിയില്ല.