ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗിയെ തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധം: ബോംബെ ഹൈക്കോടതി

By Shyma Mohan.12 Jan, 2018

imran-azhar


    മുംബൈ: ആശുപത്രികളില്‍ ചികിത്സാ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗിയെ തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. പൊതുസമൂഹത്തിലെ ഓരോരുത്തരെയും ഇതിനെക്കുറിച്ച് ബോധവാന്‍മാരാക്കണമെന്നും ജസ്റ്റിസുമാരായ എസ്.സി ധര്‍മ്മാധികാരിയുടെയും ഭാരതി ദാങ്ക്‌രെയുടെയും ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
    രോഗികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും അവ ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുഖം പ്രാപിച്ച രോഗികളെ തടഞ്ഞുവെക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആശുപത്രികള്‍ക്ക് രോഗികളില്‍ നിന്നും ലഭ്യമാകേണ്ട തുക ഈടാക്കുന്നതിനായി അവര്‍ക്ക് നിയമ നടപടികള്‍ കൈക്കൊള്ളാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
    രോഗികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് ആശുപത്രി നല്‍കിയ ബില്ലുകളില്‍ പണമടയ്ക്കാത്ത രോഗികളെ തടഞ്ഞുവെച്ചതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.


OTHER SECTIONS