മോദിയുടെ ഫോട്ടോ മദ്രസകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയത്ത് വിരുദ്ധം: ദാരുല്‍ ഉലും

By Shyma Mohan.08 Jan, 2018

imran-azhar


    ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ മദ്രസകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയത്ത് വിരുദ്ധമെന്ന് ദാരുല്‍ ഉലും ഫത്വ മേധാവി. മദ്രസകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു ദാരുല്‍ ഉലുമിന്റെ ഫത്വ വകുപ്പ് ചെയര്‍മാന്‍ മുഫ്തി അര്‍ഷാദ് ഫറൂഖി.
    ഇതുവരെ ഒരു പ്രധാനമന്ത്രിയുടെയും ഫോട്ടോകള്‍ മദ്രസകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും ഫറൂഖി ചോദിച്ചു. മുസ്ലീങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഇത്തരം ഉത്തരവുകളെന്നും ശരിയത്ത് നിയമത്തിന് വിരുദ്ധമായ അത്തരം ഉത്തരവുകള്‍ ഇറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആലോചിക്കേണ്ടിയിരുന്നുവെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു.
    കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര ദിനത്തിന് തൊട്ടുപിന്നാലെയാണ് മദ്രസകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ മദ്രസകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളയുകയുണ്ടായി. സംസ്ഥാനത്തെ മദ്രസകള്‍ പരമ്പരാഗത ചിന്താഗതി ഉപേക്ഷിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് മദ്രസകളോട് ആവശ്യപ്പെടുകയുണ്ടായി.  


OTHER SECTIONS