ചതിക്കുഴിയുടെ ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്

By Online Desk.09 07 2020

imran-azhar

 

 

ഏറെ നാളത്തെ അശാന്തിക്ക് ശേഷം ലഡാക്കിലെ ഗാല്‍വാന്‍ മേഖല ശാന്തിയിലേക്ക് നീങ്ങുന്ന സൂചനകളാണ് പുറത്തുവരുന്നത്. അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചൈനീസ് സൈന്യം പിന്മാറുന്നുവെന്ന് പറയുമ്പോഴും 1962 ലെ ചരിത്രം മറക്കാത്ത ഇന്ത്യന്‍ സൈന്യം അത് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാകും നടത്തുകയെന്ന് കരുതാം.

 

ഗാല്‍വാനിലെ ചൈനയുടെ സൈനിക പിന്മാറ്റത്തിന് നിര്‍ണായ ചര്‍ച്ച നടന്നതായുള്ള വിവരങ്ങളാണ് ഇന്നലെ മുതല്‍ പുറത്തുവരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ഞായറാഴ്ച ഫോണില്‍ സംസാരിച്ചതായും ഇതിന് പിന്നാലെ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ നിന്ന് ഇരു സൈന്യങ്ങളും പന്മാറാന്‍ തീരുമാനിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്ത പുറത്തുവിട്ടു. ഇരു സൈന്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറാനുള്ള തീരുമാനമുണ്ടായത്. നിയന്ത്രണരേഖയില്‍ തല്‍സ്ഥിതി തുടരാന്‍ ഡോവലും വാങ് യീയും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ മാറ്റം വരുത്തുന്ന നടപടികളൊന്നും ഇരു സൈന്യങ്ങളുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല.

 

ചൈനീസ് സൈന്യം ഒരു കിലോമീറ്ററോളം പിന്‍വാങ്ങിയിട്ടുണ്ട്. തര്‍ക്കമേഖലയില്‍ പട്രോളിംഗ് പോയിന്റുകള്‍ 14, 15, 17 എന്നിവിടങ്ങളിലെ ടെന്റുകളും താല്‍ക്കാലിക നിര്‍മ്മിതികളും നീക്കിയിരുന്നു. സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ മൂന്ന് വട്ടമാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ചരിത്രം മറക്കാത്ത ഇന്ത്യന്‍ സൈന്യം ചൈനയെ വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് കരുതാം. കാരണമിതാണ്. 1962 ജൂലായ് 15ന്റെ ടൈംസ് ഓഫ് ഇന്ത്യയില്‍ (സണ്‍ഡേ ടൈംസ്) വന്ന ഒരു പ്രധാന വാര്‍ത്ത 'സൈന്യം ഗല്‍വാന്‍ പോസ്റ്റില്‍ നിന്നും വിന്‍വലിഞ്ഞു' എന്നായിരുന്നു. ചൈനീസ് സൈന്യം ഗാല്‍വാന്‍ താഴ്‌വരയില്‍ നിന്ന് പിന്മാറുന്നു എന്ന്. ഇത് 2020 ജൂലായില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റം എത്രകാലത്തേയ്ക്കുണ്ടാകുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 1962 ജൂലായില്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വീണ്ടും ശ്രദ്ധേയമായിരിക്കുന്നു. ചൈനയെ എന്തുകൊണ്ട് വിശ്വസിക്കരുത് എന്നതിന്റെ ഉദാഹരണമായി ഈ വാര്‍ത്തയുടെ കട്ടിംഗ് ഷെയര്‍ ചെയ്യുന്നവരുണ്ട്.

 

ഗാല്‍വാന്‍ താഴ്വരയില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച വിശദവിവരങ്ങളൊന്നും പുറത്തുവിടാന്‍ ആര്‍മി തയ്യാറായിട്ടില്ല. സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ ചുവടുകള്‍ മാത്രമാണ് എടുത്തിട്ടുള്ളത് എന്നും ചൈനയെ വിശ്വസിക്കാനാകില്ലെന്നും ആര്‍മി വൃത്തങ്ങള്‍ പറയുന്നു. 96 ദിവസത്തിന് ശേഷം 1962 ഒക്ടോബര്‍ 20ന് ഇന്ത്യ-ചൈന യുദ്ധം തുടങ്ങി. ഗാല്‍വാനില്‍ നിന്നായിരുന്നു തുടക്കം. ഗൂര്‍ഖാട്രൂപ്പുകളെ ഇന്ത്യ ഇവിടെ നിയോഗിച്ചിരുന്നു. ജൂലായ് ആറിന് ചൈനീസ് സൈന്യം ഇവരെ കണ്ടെത്തി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിവരമറിയിച്ചു. നാല് ദിവസത്തിന് ശേഷം 300 ചൈനീസ് സൈനികര്‍ എത്തി ഗൂര്‍ഖ റെജിമെന്റിനെ വളഞ്ഞു.

 

ജൂലായ് 15ന് ചൈനീസ് സൈന്യം ഗാല്‍വാന്‍ പോസ്റ്റില്‍ നിന്ന് 200 മീറ്റര്‍ പിന്‍വലിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇത് ഹ്രസ്വകാലത്തേയ്ക്ക് മാത്രമായിരുന്നു. ചൈനീസ് സൈനികര്‍ തിരിച്ചുവന്നു. ഒക്ടോബര്‍ 20ന് ഗാല്‍വാനില്‍ ചൈനീസ് സൈന്യം യുദ്ധത്തിന് തുടക്കമിട്ടു. 36 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മേജര്‍ ഹസബ്നിസിനെ ചൈനീസ് ആര്‍മി പിടിച്ചു. ഏഴ് മാസത്തോളം ചൈനീസ് സൈന്യത്തിന്റെ തടവിലായിരുന്നു മേജര്‍. നിലവില്‍ ആര്‍മി സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ആയ ലെഫ്.ജനറല്‍ ഹസബ്നിസ്, മേജറുടെ മകനാണ്.

 


കഴിഞ്ഞ ജൂണ്‍ 15ന് ഇരു സൈന്യങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ച് സൈനികരുമായി സംസാരിച്ചിരുന്നു. ഇതെല്ലാം കണ്ട് ഭയന്ന് പോയ ചൈന പിന്മാറിയെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ തെറ്റി ഒരു പക്ഷെ ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള തയാറെടുപ്പിലായിരിക്കാം ഇന്ത്യന്‍ സൈന്യം.

 

 

 

 

OTHER SECTIONS