ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ട; കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണക്കും: യെദ്യൂരപ്പ

By Shyma Mohan.17 May, 2018

imran-azhar


    ബംഗളുരു: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്കും തന്റെ പാര്‍ട്ടിക്കും 15 ദിവസത്തെ സമയം ആവശ്യമില്ലെന്ന് യെദ്യൂരപ്പ. കേന്ദ്ര നേതൃത്വം പ്രകടിപ്പിച്ച ആത്മവിശ്വാസത്തില്‍ അടിവരയിട്ടാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ തന്റെ സര്‍ക്കാരിന്റെ പിന്തുണ നല്‍കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. ബംഗളുരുവിന് പുറത്ത് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാനസികമായ പീഡനം അനുഭവിച്ചുവരികയാണെന്നും അവര്‍ തന്റെ സര്‍ക്കാരിന്റെ പിന്തുണ നല്‍കുമെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. തങ്ങള്‍ അധികാരത്തിലാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യവേ അഭിപ്രായപ്പെട്ടു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകളെല്ലാം പിടിച്ചെടുത്തിരിക്കുകയാണെന്നും ജീവിതപങ്കാളികളോട് പോലും സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും വോട്ടര്‍മാര്‍ പാര്‍ട്ടിയെ പിന്തുണച്ചെന്നും പാര്‍ട്ടിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.


OTHER SECTIONS