ഓര്‍മ്മയുണ്ടോ ഓള്‍ഗ എന്ന കോളിളക്കം ?

By online desk .10 07 2020

imran-azhar

 

 

തിരുവനന്തപുരം: ഡല്‍ഹിയില്‍ 20 വര്‍ഷം മുന്‍പ് നടന്ന 'ഓള്‍ഗ' കേസുമായി പല രീതിയിലും സമാനതകളുള്ളതാണ് തലസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസും. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനി ഓള്‍ഗ കൊസിരേവ ഡല്‍ഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നികുതി വെട്ടിച്ച് കോടികളുടെ ചൈനീസ് സില്‍ക്ക് ഇന്ത്യയിലേക്ക് കടത്തിയ കേസാണ് ഓള്‍ഗ കേസ് എന്നറിയപ്പെടുന്നത്.ഓള്‍ഗ കേസ് എന്നറിയപ്പെടുന്ന ഈ കടത്തുകേസിനു തലസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ഏറെ സമാനതകളാണുളളത്. അന്ന് ഓള്‍ഗയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടവരില്‍നിന്നടക്കം സമ്മര്‍ദമുണ്ടായെങ്കിലും മുന്‍ അനുഭവങ്ങളാണ് ഉദ്യോഗസ്ഥനു കരുത്തായത്.

 


ഓള്‍ഗ കേസില്‍ ഉന്നത ബന്ധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഉന്നത ബന്ധങ്ങളുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം. കേസില്‍ എല്ലാരീതിയിലും അന്വേഷണമുണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെടുന്നത് 2000 ഓഗസ്റ്റ് 28നാണ് ഓള്‍ഗയെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലില്‍വച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടുന്നത്. പിടികൂടുമ്പോള്‍ 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സില്‍ക്കിന്റെ 27 ബാഗുകളാണ് ഓള്‍ഗയുടെ കൈവശം ഉണ്ടായിരുന്നത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകള്‍ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഒരു ഉദ്യോഗസ്ഥനുണ്ടായതാണ് കള്ളക്കടത്ത് പിടികൂടുന്നതിലേക്കു നയിച്ചത്.

 


.ചൈനീസ് സില്‍ക്കിന് തീ പിടിച്ച വിലയും ഡിമാന്റും നിലനിന്ന കാലമായിരുന്നു അത്. നികുതി വെട്ടിപ്പിന് നല്ല സാധ്യതയുണ്ടായിരുന്ന ബിസിനസായിരുന്നു ചൈനീസ് സില്‍ക്ക്.ആ സാധ്യത മുതലെടുക്കാന്‍ നോക്കുകയായിരുന്നു ഓള്‍ഗ.ആദ്യഘട്ടത്തില്‍ പലതവണ ഓള്‍ഗ ഈ ശ്രമം നടത്തി വിജയിച്ചതോടെ തുടര്‍ച്ചയായി കടത്തു തുടങ്ങി.അന്വേഷണത്തില്‍, ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. 10 മാസത്തിനിടെ ഓള്‍ഗ 68 യാത്രകള്‍ ഇന്ത്യയിലേക്കു നടത്തിയിരുന്നു. മെഡിസിനില്‍ ഡിപ്ലോമയുള്ള ഓള്‍ഗ ഉസ്‌ബെക്കിസ്ഥാനില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യയിലാണ് കഴിഞ്ഞതെന്നും 1997 മുതല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായും മനസ്സിലായി. പാക്കിസ്ഥാനിലെ ലഹോറും കറാച്ചിയും പല തവണ സന്ദര്‍ശിച്ചിരുന്നതായി മനസ്സിലാക്കിയതോടെ ആയുധക്കടത്തും അന്വേഷണ ഏജന്‍സികള്‍ സംശയിച്ചു.

 

2001ല്‍ കേസ് സിബിഐക്ക് കൈമാറി.എയര്‍പോര്‍ട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു ഓള്‍ഗ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു. ഓള്‍ഗ കടത്തല്‍ സാധനവുമായി എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ ഡല്‍ഹി ചാന്ദ്‌നി ചൗക്കിലെ ചില വ്യാപാരികള്‍ ട്രക്കുമായി വിമാനത്താവളത്തില്‍ എത്തുമായിരുന്നു.ഒരു സ്ത്രീ ഇരുപതിലേറെ ബാഗുകള്‍ സ്ഥിരമായി ഗ്രീന്‍ ചാനലിലൂടെ കൊണ്ടുവരുമ്പോള്‍ അധികൃതര്‍ ശ്രദ്ധിക്കാതിരുന്നത് സിബിഐ ശ്രദ്ധിച്ചു, ഉദ്യോഗസ്ഥ ബന്ധങ്ങള്‍ പുറത്തായി. ബാഗിന്റെ വലുപ്പത്തിന് അനുസരിച്ച് ഒരു ബാഗിന് 400 മുതല്‍ 700 വരെ രൂപയായിരുന്നു ഉദ്യോഗസ്ഥരുടെ കൈക്കൂലി. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശികളായ സ്ത്രീകളെ ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിടാന്‍ അയച്ചിരുന്നെന്നും വ്യക്തമായി. വിമാനക്കമ്പനികളിലെ ജീവനക്കാരുടെ പങ്കും തെളിഞ്ഞു.ഉദ്യോഗസ്ഥരുടെ വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. അഫ്ഗാന്‍ സ്വദേശിയായ മമൂര്‍ ഖാനായിരുന്നു സംഘത്തലവന്‍. ഓള്‍ഗ പിടിയിലായതറിഞ്ഞ് അയാള്‍ രാജ്യംവിട്ടു. ഓള്‍ഗയും പിന്നീട് ഉസ്‌ബെക്കിസ്ഥാനിലേക്ക് കടന്നു. കസ്റ്റംസിലെ 9 ഗ്രൂപ്പ് എ ഓഫിസര്‍മാരെയും 35 ഗ്രൂപ്പ് ബി ഓഫിസര്‍മാരെയും കേസില്‍ പ്രതിചേര്‍ത്തു. 32 പേര്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി ലഭിച്ചു. ഓള്‍ഗയുമായി ബന്ധമുള്ള ഒരു ഓഫിസര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരെല്ലാം നടപടികളില്‍നിന്ന് ഒഴിവായി.

 


തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരം കസ്റ്റംസിനു ലഭിച്ചത് ദുബായില്‍നിന്നാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച കൃത്യതയുള്ള വിവരമാണെങ്കിലും ഡിപ്ലോമാറ്റിക് ബാഗായതിനാല്‍ കേന്ദ്ര സര്‍ക്കാരി ന്റെ അനുമതി തേടി ഒരാഴ്ചയോളം ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ബാഗേജ് വിട്ടുനല്‍കാത്തതിനെത്തുടര്‍ന്ന്, യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ വിമാനത്താവളത്തിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് കസ്റ്റംസിന് സംശയം തോന്നിയത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതോടെ ബാഗേജ് തുറന്ന് സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

 

 

 

 

 

OTHER SECTIONS