യാചകന് പഴയ കിടക്ക നല്‍കി: 40 ലക്ഷം നഷ്ടം

By Shyma Mohan.14 Nov, 2017

imran-azhar


    ഹരിദ്വാര്‍: ഹരിദ്വാര്‍ നഗരത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ് പഴയ ഒരു കിടക്ക. ഭിക്ഷക്കാരന് പഴയ കിടക്ക ദാനമായി നല്‍കിയ ആള്‍ക്ക് 40 ലക്ഷത്തിന്റെ നഷ്ടം. ദാനമായി കിടക്ക നല്‍കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ മകനോട് കിടക്കയ്ക്കകത്ത് 40 ലക്ഷം രൂപയും 24 ഗ്രാം സ്വര്‍ണ്ണവും ഒളിപ്പിച്ചുവെച്ചിരുന്നതായി അച്ഛന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നഷ്ടത്തിന്റെ കഥ പുറത്തായത്. ഹരിദ്വാറിലെ കണ്‍കാളിലുള്ള ദരിദ്രഭഞ്ചന്‍ ക്ഷേത്രത്തിലെത്തി കിടക്ക ദാനമായി നല്‍കിയ യാചകനെ തേടി അച്ഛനും മകനും അലഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായില്ല. യാചകനെ കണ്ടെത്തിയെങ്കിലും അയാള്‍ തനിക്ക് താമസിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് മറ്റൊരു യാചകന് കിടക്ക നല്‍കിയെന്ന മറുപടിയാണ് നല്‍കിയത്. യാചകന്‍ ക്ഷേത്ര പൂജാരിയോട് സംഭവം പറഞ്ഞതോടെയാണ് കിടക്കയുടെ നഷ്ടക്കഥ പുറംലോകം അറിഞ്ഞത്. ദാനം നല്‍കിയ പഴയ കിടക്ക കണ്ടെത്തുവാനായി അച്ഛനും മകനും ഹരിദ്വാറിലെ യാചകര്‍ക്കിടയില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുകയാണ്. കിടക്കക്കായി അന്വേഷണം നടത്തുന്ന രണ്ടുപേരെക്കുറിച്ച് അറിയാത്ത യാചകര്‍ ഇപ്പോള്‍ ഹരിദ്വാറിലില്ല. സംഭവം ഇത്രയൊക്കെയായെങ്കിലും പോലീസ് കേസൊന്നുമെടുത്തിട്ടില്ല.  തമാശക്കുമപ്പുറം നഗരത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ് 40 ലക്ഷത്തിന്റെ ഈ കിടക്ക.

OTHER SECTIONS