കള്ളപ്പണം വെളുപ്പിക്കല്‍: കാര്‍ത്തി ചിദംബരത്തിന്റെയും കമ്പനിയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

By Shyma Mohan.13 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറുമാസം മുന്‍പ് കാര്‍ത്തി ചിദംബരത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്ന് അറിയിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്‍ത്തിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട കമ്പനിയുടെയും 1.16 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. എയര്‍സെല്‍-മാക്‌സിസ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടായിരിക്കുന്നത്. കാര്‍ത്തിയുടെയും അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സി.ബി.ഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരം ഇപ്പോഴും സിബിഐ കസ്റ്റഡിയില്‍ തുടരവെയാണ് നടപടിയുണ്ടായിരിക്കുന്നത്. കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനും അദ്ദേഹത്തിന് സുപ്രീം കോടതി അറസ്റ്റില്‍ നിന്നും ആശ്വാസം നല്‍കിയതിനുമെതിരെ കോടതിയെ സമീപിക്കാനുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം.
    അതേസമയം ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എസ്.ഭാസ്‌കരരാമന് ഇന്ന് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 16നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്തത്. 2 ലക്ഷം രൂപയുടെ ബോണ്ടിലും അതേ തുകയ്ക്കുള്ള ജാമ്യത്തിലുമാണ് അന്വേഷണവുമായി സഹകരിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അനുമതി കൂടാതെ രാജ്യം വിടരുതെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് പ്രത്യേക ജഡ്ജി സുനില്‍ റാണ ജാമ്യം അനുവദിച്ചത്. എന്നാല്‍ കാര്‍ത്തി ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തുടരുകയാണ്.  


OTHER SECTIONS