പ്രചാരണത്തില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് കളക്ടര്‍

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azharതിരുവനന്തപുരം: കോവിഡ് വ്യാപന വര്‍ദ്ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് തീരുമാനങ്ങള്‍.


തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടവരില്‍ ചുമയോ പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവര്‍ നിര്‍ബന്ധമായും രണ്ട് ദിവസത്തിനകം ടെസ്റ്റ് നടത്തണം. മറ്റുള്ളവര്‍ എത്രയും പെട്ടെന്ന് പരിശോധനയ്ക്ക് വിധേയരാകണം. ടെസ്റ്റ് നെഗറ്റീവാണെങ്കില്‍പ്പോലും രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയണം.


തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളില്‍ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ട് ദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.  രോഗവ്യാപനം തടയുന്നതിനായി ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ ബ്രേക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

 

ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രം പുറത്തിറങ്ങണം.

 


ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

OTHER SECTIONS