By parvathyanoop.29 06 2022
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും വിതരണം ചെയ്യുന്നത് നിര്‍ത്തി. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അവശ്യ സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ക്കു മാത്രമായി ഇന്ധനവിതരണം പരിമിതപ്പെടുത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ബസ്, ട്രെയിന്‍, ആംബുലന്‍സ്, മരുന്നും ഭക്ഷ്യ വസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്കു മാത്രമാകും പമ്പുകളില്‍നിന്ന് ഇന്ധനം നല്‍കുക .
മുന്നില്‍ കൊടും ക്ഷാമം, പട്ടിണി: രാജപക്സെയെ തിരുത്തി ശ്രീലങ്ക
ശ്രീലങ്കയില്‍ ആകെ ശേഷിക്കുന്നത് 9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളുമാണ്. സാധാരണഗതിയില്‍ ഒരാഴ്ചകൊണ്ട് ഇന്ധനം തീരും. ഇറക്കുമതി ചെയ്യാന്‍ പണവുമില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരോടും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാനും നിര്‍ദേശിച്ചു. സ്കൂളുകളും കോളജുകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി.
1970 നുശേഷം ആദ്യമായാണ് ഒരു രാജ്യം ഇന്ധന വിതരണത്തിന് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നത്. മാസങ്ങളായി ശ്രീലങ്കയില്‍ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു. പെട്രോള്‍ പമ്പുകള്‍ക്കുമുന്നില്‍ മണിക്കൂറുകളോളം ജനങ്ങള്‍ ക്യൂ നില്ക്കുന്നതും പതിവുകാഴ്ചയാണ്. പമ്പുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ ടോക്കണ്‍ സംവിധാനം പ്രാബല്യത്തിലായി.
പുതിയ സ്റ്റോക്ക് എത്തുമ്പോള്‍ ടോക്കണ്‍ നല്‍കിയാകും ഇന്ധനം നല്‍കുക. ഇതിനായി വീടിനടുത്തുള്ള പെട്രോള്‍ പമ്പില്‍ മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യണം. ഫോണില്‍ ടോക്കണ്‍ നമ്പര്‍ എസ്എംഎസായി വരുമ്പോള്‍ പമ്പിലേക്കു പോയാല്‍ മതി. വരിനിന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്കി മടക്കി അയയ്ക്കുകയാണ്. കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരംഭിച്ചു. റഷ്യയുമായും ഖത്തറുമായും ചര്‍ച്ചകള്‍ തുടരുകയാണ്.