ചൈനയ്ക്ക് ഇനി 20 ദിവസം; സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍; വികസനം വെറും തട്ടിപ്പ്

By R Rajesh.09 10 2021

imran-azhar


അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വീണ്ടും രാജ്യം ഏറെ ചര്‍ച്ച ചെയ്യുകയാണ്. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈന നടത്തുന്ന ചട്ടമ്പിത്തരം എന്നും ഇന്ത്യക്ക് തലവേദനയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15 ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരുന്നു.

 

പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സൈനിക സംഘര്‍ഷമായിരുന്നു ഗാല്‍വനില്‍ ഉണ്ടായത്. അന്ന് 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ ഇത്തരം കടന്നുകയറ്റങ്ങളും തെമ്മാടിത്തരവും ഇനി അധികകാലം ഇന്ത്യക്ക് അനുഭവിക്കേണ്ടി വരില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാരണം ഒരു സാമ്പത്തിക പൊട്ടിത്തെറിയുടെ വക്കിലാണ് ഇപ്പോള്‍ ചൈനീസ് സമ്പത്ത് വ്യവസ്ഥ. ഇത് ഇന്ത്യക്ക് മാത്രമല്ല ചൈനീസ് കടന്നുകയറ്റം ഭയക്കുന്ന തായ്വാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും നല്‍കുന്നത് ആശ്വാസത്തിന്റെ വാര്‍ത്തയാണ്.

 

ചൈനീസ് സമ്പദ് വ്യവസ്ഥ അഗ്നിപര്‍വതത്തിനു മുകളിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്നാണ് ചൈനീസ് മാധ്യമ പ്രവര്‍ത്തകനായ ലി ഗുവാങ്മാന്‍ പറയുന്നത്. അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ധര്‍ ഇക്കാര്യം നേരത്തെ വിലയിരുത്തിയിരുന്നു. ചൈനയുടെ ഇതുവരെ കണ്ട ചാട്ടമൊന്നും ഇനി ഉണ്ടായേക്കില്ല. സാമ്പത്തിക കുമിള പൊട്ടുന്നത് ലോകത്തെയാകെ ബാധിക്കും. പണത്തിന്റെ ഹുങ്ക് അവസാനിക്കുന്നതോടെ പിന്നെ ഇന്ത്യയുടെ നേരേ അരുണാചലിലും ലഡാക്കിലും മറ്റും കാണിക്കുന്ന തെമ്മാടിത്തരത്തിനും അവസാനമാവും.

 

ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പതനമാണ് ഇത്രയും വലിയ പ്രതിസന്ധിയില്‍ ചൈനയെ കൊണ്ട് എത്തിച്ചത്. ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്കൊപ്പം തൊണ്ണൂറുകളിലും അതിനു ശേഷമുള്ള രണ്ടു പതിറ്റാണ്ടും വളര്‍ന്നതാണ് എവര്‍ഗ്രാന്‍ഡെ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി. രക്ഷിക്കാന്‍ കഴിയുന്നതിനപ്പുറം ബാധ്യതയുടെ പടുകുഴിയിലാണ് എവര്‍ഗ്രാന്‍ഡെ എന്നറിഞ്ഞതോടെ എല്ലാവരും കയ്യൊഴിയുകയാണ്. ചൈനയുടെ വളര്‍ച്ചയുടെ പ്രതീകമായ എവര്‍ഗ്രാന്‍ഡെ വീണാല്‍ ചൈനയും വീഴും! ചൈനീസ് സമ്പദ് വ്യവസ്ഥ നിലംപൊത്തും. ഇതാണ് ചൈനയുടെ ഇപ്പോഴത്തെ അവസ്ഥ.

 

ചൈനയുടെ തെക്ക് ഭാഗത്തുള്ള ഗ്വാങ്ഡോംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷോ ആസ്ഥാനമായുള്ള ചൈനയിലെ രണ്ടാമത്തെ വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പറാണ് എവര്‍ഗ്രാന്‍ഡെ. ചൈനയുടെ പ്രോപ്പര്‍ട്ടി തരംഗത്തില്‍ എവര്‍ഗ്രാന്‍ഡെ 280 നഗരങ്ങളിലേക്ക് വ്യാപിക്കുകയും 1,300 ലധികം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ സ്വന്തമാക്കി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മുഖമായി മാറുകയും ചെയ്തു.

 

ചൈനയിലെ പ്രോപ്പര്‍ട്ടി കമ്പനികള്‍ സമ്പദ് വ്യവസ്ഥയുടെ വലിയ പ്രേരക ഘടകങ്ങളാണ്. നാഷണല്‍ ബ്യൂറോ ഒഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് റിയല്‍ എസ്റ്റേറ്റ് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഏകദേശം 30 ശതമാനം സംഭാവന നല്‍കുട്ടുണ്ട്.

 

എവര്‍ഗ്രാന്‍ഡെ 300 ബില്യണ്‍ ഡോളര്‍ കടം വാങ്ങുകയും വര്‍ഷങ്ങളായി ഇത് പെരുകുകയും ചെയ്തു. മാസങ്ങളായി പ്രോപ്പര്‍ട്ടി വില്‍പ്പന കുറഞ്ഞതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെ എവര്‍ഗ്രാന്‍ഡെയുടെ പണമൊഴുക്ക് കൂടുതല്‍ പരിമിതപ്പെടുത്തി. ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് പുറമേ, കമ്പനി 667 ബില്യണ്‍ യുവാന്‍ (103 ബില്യണ്‍ ഡോളര്‍) നിര്‍മ്മാണ കമ്പനികളില്‍ നിന്നും മറ്റ് ബിസിനസ്സ് വായ്പക്കാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

എവര്‍ഗ്രാന്‍ഡെ പുനഃസംഘടന നടത്തി രക്ഷപ്പെടുത്താന്‍ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോള്‍. ഇതോടെ കമ്പനിയുടെ ഓഹരി വില്‍പന ചൈനീസ് വിപണിയില്‍ നിര്‍ത്തിവച്ചു. എവര്‍ഗ്രാന്‍ഡെയ്ക്ക് ഇനി ആരും കടംകൊടുക്കില്ല. പണം അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശം ലഭിച്ചതില്‍ 10 ദിവസം പിന്നിട്ടു കഴിഞ്ഞു. അവസാന ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ എവര്‍ഗ്രാന്‍ഡെയുടെ പൊളിയല്‍ ചൈനീസ് സാമ്പത്തിക രംഗത്തെ അണുവിസ്ഫോടനം പോലെയാകും. ചെയിന്‍ റിയാക്ഷനില്‍ അനേകം സ്ഥാപനങ്ങള്‍ തകരും.

 

ചൈനയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഊതിപ്പെരുപ്പിച്ച കുമിളയായിരുന്നു. എവര്‍ഗ്രാന്‍ഡെ മഞ്ഞുമലയുടെ അറ്റം മാത്രം. 171 ബാങ്കുകളില്‍ നിന്നു കടമെടുത്തിട്ടുണ്ട് എവര്‍ഗ്രാന്‍ഡെ. 121 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് വായ്പയെടുത്തിട്ടുള്ളത്. എവര്‍ഗ്രാന്‍ഡെയുടെ വീഴ്ചയില്‍ വലിച്ചു താഴെയിടാന്‍ പോകുന്നത് ഇവയെക്കൂടിയാണ്. 10 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കൂടി വീഴുമെന്നാണ് വിലയിരുത്തല്‍. 10 വര്‍ഷം മുന്‍പേ എവര്‍ഗ്രാന്‍ഡെ പൊളിഞ്ഞിരുന്നെങ്കില്‍ അഥവാ കടം കൊടുക്കുന്നതു നിര്‍ത്തി പൊളിയാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരില്ലായിരുന്നു.

 

ചൈനയുടെ വികസന മാതൃക തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കടമെടുത്ത് കെട്ടിത്തള്ളുന്നതാണ് ചൈനീസ് വികസനം. വിമാനത്താവളങ്ങളും തുറമുഖങ്ങളും ഹൈവേകളുമെല്ലാം അതിന്റെ ഭാഗമാണ്. ആവശ്യമുണ്ടോ എന്നു നോക്കിയിട്ടല്ല മിക്കതിന്റെയും നിര്‍മാണം നടക്കുന്നത്. ചൈനയിലാകെ അഞ്ചു കോടി പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചതിനു ശേഷം വാങ്ങാനാളില്ലാതെ കിടക്കുകയാണ്. പത്തുകോടി പേര്‍ക്കെങ്കിലും അവിടെ ജീവിക്കാം. ഏക്കറുകണക്കിനു കോണ്‍ക്രീറ്റ് കാട്. ഇതില്‍ ചൈനീസ് സര്‍ക്കാരിന്റെ കര്‍ശന ജനസഖ്യ നിയന്ത്രണ നടപടികളും വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഇത് തിരിച്ചറിഞ്ഞതോടെ ഇപ്പോള്‍ ജനസഖ്യ നിയന്ത്രണ ചട്ടങ്ങളില്‍ അയവ് വരുത്താനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്.

 

 

 

 

 

OTHER SECTIONS