By parvathyanoop.05 07 2022
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ സീ ടിവി ന്യൂസ് അവതാരകന് രോഹിത് രഞ്ജനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. രോഹിതിനെ കസ്റ്റഡിയിലെടുക്കാന്‍ ഛത്തിസ്ഗഡ് പോലീസ് രോഹിതിന്റെ ഗാസിയാബാദിലെ വീട്ടിലെത്തിയതോടെയാണ് യുപി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. യുപി പോലീസിനെ അറിയിച്ചില്ലെന്ന് രോഹിത് നിലപാട് എടുത്തുവെങ്കിലും കോടതി ഉത്തരവുണ്ടെന്നു റായ്പുര്‍ പോലീസ് അറിയിക്കുകയായിരുന്നു.
ഇതേ കേസില്‍ ബിജെപി എംപിമാരായ രാജ്യവര്‍ധന്‍ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. രാജസ്ഥാന് പോലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു.
ഓഫീസില്‍ അക്രമം നടത്തിയ എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ പറഞ്ഞത് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയില്‍ ടിവി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇവ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ മാപ്പു പറഞ്ഞിരുന്നു.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നേതാക്കള്‍ക്കെതിരെ 24 മണിക്കൂറിനകം കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പോലീസിനെ സമീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കു കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാന്‍ ബിജെപി തയാറാകാത്ത സാഹചര്യത്തിലാണു പോലീസിനെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
'