By online desk .27 11 2020
ഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദഗതി സംബന്ധിച്ച പ്രതിഷേധം രാജ്യ തലസ്ഥാനത്ത്. ഇന്ന് കൂടുതൽ പ്രതിഷേധക്കാർ എത്തുമെന്നാണ് കരുതുന്നത്. ദില്ലി ചലോ പ്രക്ഷോഭം ഇന്ന് ബുറാഡി നിരങ്കാരി സംഗമം മൈതാനിയിൽ. ഡൽഹി പൊലീസ് അനുമതി നൽകിയതോടെ ആയിരകണക്കിന് കർഷകരാണ് പുലർച്ചയോടെ മൈതാനത്തെത്തിയിരിക്കുന്നത്. ഹരിയാനയോട് ചേർന്നുകിടക്കുന്ന സിംഗു അതിർത്തി തുറക്കാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് പടിഞ്ഞാറൻ ഡൽഹിയാണ്. ഡൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടെടുത്തിരുന്നുവെങ്കിലും ഇന്നലെയോടെ പൊലീസ് ആ നിലപാടിൽ അയവ് വരുത്തി.വൈകാതെ തിക്രി അതിർത്തി വഴി കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചു. അർധരാത്രിയോടെയാണ് കർഷക നേതാക്കൾ ഉൾപ്പെടെ ബുറാഡി നിരങ്കാരി സംഗമം മൈതാനിയിലേക്കെത്തിയത്. ഹരിയാന, പഞ്ചാബ് അതിർത്തിയിലെ നിയന്ത്രണങ്ങളും താമസിയാതെ പിൻവലിച്ചു.അംബാല ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ നീക്കിയ പൊലീസ് ആരെയും തടയില്ലെന്നും അറിയിച്ചു. . ഡൽഹി, ഹരിയാന അതിർത്തിയിലെ സിംഗുവിൽ വൻ പൊലീസ് സന്നാഹം ഇപ്പോഴും തുടരുകയാണ്.