മുഴുവന്‍ പ്രതികളെയും പിടികൂടും വരെ നിരാഹാരമെന്ന് ജിഷ്ണുവിന്‍റെ അമ്മ

By Subha Lekshmi B R.05 Apr, 2017

imran-azhar

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടുന്നതു വരെ സമരം ചെയ്യുമെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ. ജിഷ്ണുവിനെ സ്നേഹിക്കുന്ന എല്ളാവരും തങ്ങളുടെ സമരത്തെ പിന്തുണയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡിജിപിയുടെ ഓഫീസിന് മുന്പില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന നിരാഹാരത്തിനായി തിരുവനന്തപുരത്ത് എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഹിജയും കുടുംബാംഗങ്ങളും.

 

ഇന്നലെ നടന്ന, നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ അറസ്റ്റ് വെറും നാടകമാണെന്നും മഹിജ ആവര്‍ത്തിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, കേസിലെ എല്ളാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുംവരെ സമരം ചെയ്യുമെന്നും, സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റ് ചെയ്തോട്ടെയെന്നും അവര്‍ പറഞ്ഞു.

 

ജിഷ്ണു പ്രണോയുടെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു.ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കൃഷ്ണദാസിനെ വിട്ടയച്ചത്.

OTHER SECTIONS