പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍പനക്ക് ശ്രമിച്ച പിതാവ് അറസ്റ്റില്‍

By Shyma Mohan.16 May, 2018

imran-azhar


    ചണ്ഡീഗഡ്: നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്‍പന നടത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മൊഹാലിയിലെ ഫേസ് 6 സിവില്‍ ആശുപത്രിയില്‍ വെച്ചാണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കവറിനുള്ളിലാക്കി വില്‍പനക്ക് ശ്രമിച്ച് അമൃത്‌സറില്‍ നിന്നുള്ള ജസ്പാല്‍ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തത്. തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്നും വില്‍ക്കാന്‍ തയ്യാറാണെന്നും പറഞ്ഞ ഇയാളോട് കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവര്‍ തുറന്ന് പെണ്‍കുഞ്ഞിനെ കാണിച്ചു കൊടുത്തത്. തുടര്‍ന്ന് ഛര്‍ദ്ദിച്ച് അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും ഭാര്യയുടെ അറിവോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയതെന്നും ജസ്പാല്‍ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മയായ മഞ്ജിത് കൗര്‍ വീട്ടിലായിരുന്നെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. തങ്ങള്‍ക്ക് 10 വയസും 5 വയസും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുണ്ടെന്നും മൂന്നാമത്തെ കുട്ടിയുടെ ചെലവ് കൂടി താങ്ങാനാവില്ലെന്നും ജസ്പാല്‍ പോലീസിനോട് പറഞ്ഞു.


OTHER SECTIONS