ദുരിതം വിതച്ച് പേമാരി; കുട്ടികളുള്‍പ്പെടെ അഞ്ച് മരണം,മലബാറില്‍ വ്യാപക നാശം, തിരുവനന്തപുരത്ത് മരം വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

By online desk .07 08 2020

imran-azhar

 

 

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് ആശങ്കയ്ക്കിടെ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കനത്ത മഴയില്‍ ആഞ്ഞിലി മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികന്‍ ബി. അജയകുമാര്‍ മരിച്ചു. വയനാട് കുറിച്യര്‍മലയില്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വെങ്ങാത്തോട് കോളനിയില്‍ അഞ്ച് വയസുകാരി ഉണ്ണിമായയും വാളാട് മരം വീണ് ആറ് വയസുകാരി ജ്യോതികയും മരിച്ചു.

 

മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയിലെ സാബുവിനെ തോട്ടിലും കൂട്ടായിയില്‍ കടലില്‍ വള്ളം മുങ്ങി കാണാതായ സിദ്ദിഖിനെ എറണാകുളം എളങ്കുന്നപ്പുഴയിലും മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നെടുമങ്ങാട്, പാറശ്ശാല, വെഞ്ഞാറമൂട് തുടങ്ങി മലയോര മേഖലകളില്‍ പെയ്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശംസംഭവിച്ചു.

 

എളങ്കുന്നപ്പുഴയില്‍ വള്ളംമുങ്ങി മൂന്നുപേരെ കാണാതായി. മൂന്നാര്‍ മറയൂര്‍ പാതയില്‍ പാലം ഒലിച്ചുപോയി. മലബാറിലെ മലയോരത്തും വ്യാപകനാശമുണ്ടായി. കോഴിക്കോട് വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ മരം വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. വീട് തകര്‍ന്ന് ബേപ്പൂരില്‍ മൂന്ന് വയസുകാരന്‍ ഗൗതം കൃഷ്ണയ്ക്ക് സാരമായി പരിക്കേറ്റു.

 

ഇടുക്കി, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ മാത്രം 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

 

 

 

OTHER SECTIONS