മൂന്നും പിന്നിട്ട് ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗം; വാക്‌സിനെടുക്കാത്തവര്‍ക്ക് വിമര്‍ശനം; പൊതു ഇടങ്ങളില്‍ ഹെല്‍ത്ത് പാസ്

By Web Desk.22 07 2021

imran-azhar

 


പാരിസ്: ഫ്രാന്‍സില്‍ നാലാം തരംഗം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതോടെ സിനിമ തിയറ്ററുകള്‍, മ്യൂസിയങ്ങള്‍, കായിക വേദികള്‍ എന്നിവിടങ്ങളില്‍ വരുന്നവര്‍ കോവിഡ് വാക്‌സിനേഷന്റെ തെളിവ് നല്‍കുകയോ നെഗറ്റീവ് ആണെന്ന പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കുകയോ വേണം. 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും സ്ഥലങ്ങളിലും കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി.

 

പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തവരിലാണ് പുതിയ അണുബാധ കാണുന്നതെന്നും അതിനാല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് വ്യക്തമാക്കി. നമ്മള്‍ നാലാം തരംഗത്തിലാണ്. രാജ്യവ്യാപകമായി നാലാമത്തെ ലോക്ഡൗണ്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ആരോപിച്ച് വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ ആരോഗ്യമന്ത്രി ഒലിവിയര്‍ വെറാന്‍ വിമര്‍ശിക്കുകയുെ ചെയ്തു.

 

നികുതി വെട്ടിക്കുന്നതോ മോട്ടോര്‍വേയില്‍ തെറ്റായ വഴിയില്‍ വാഹനം ഓടിക്കുന്നതോ റസ്റ്ററന്റില്‍ പുകവലിക്കുന്നതോ വാക്‌സീന്‍ എടുക്കാതിരിക്കുന്നതോ അല്ല സ്വാതന്ത്ര്യം. സ്വയവും മറ്റുള്ളവരെയും സംരക്ഷിക്കുന്നതാണ് വാക്‌സീന്‍-മന്ത്രി പറഞ്ഞു.

 

ബുധനാഴ്ച 21,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് മാസത്തിലേതിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഏകദേശം 46 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സീനും ലഭിച്ചു. വേനല്‍ക്കാലം തീരുന്നതിനു മുമ്പ് 50 ദശലക്ഷം പേര്‍ക്കെങ്കിലും ഒരു ഡോസ് വാക്‌സീന്‍ എങ്കിലും നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 

 

 

 

 

 

OTHER SECTIONS