ജി.എസ്.ടി: നികുതി നിരക്കില്‍ തീരുമാനമായി; ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളെ ഒഴിവാക്കി

By Shyma Mohan.19 May, 2017

imran-azhar

 
    ശ്രീനഗര്‍: ചരക്കുസേവന നികുതി(ജി.എസ്.ടി) നിരക്കുകളില്‍ തീരുമാനമായി. ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ രണ്ടുദിവസമായി നടന്നുവരുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ യോഗത്തിലാണ് വിവിധ സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി നിരക്കുകളില്‍ തീരുമാനത്തിലെത്തിയത്. ജൂലൈ 1 മുതല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ശ്രീനഗറില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. മെട്രോ, ലോക്കല്‍ ട്രെയിന്‍, തീര്‍ത്ഥയാത്ര, ഹജ്ജ് യാത്ര തുടങ്ങിയവ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. ജി.എസ്.ടി പ്രകാരം എ.സി ട്രെയിന്‍ യാത്രകള്‍ക്കായുള്ള ചെലവുകള്‍ കുറയും. ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും ജി.എസ്.ടി പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിമാനയാത്രകള്‍, ഒല, ഉബേര്‍ ടാക്‌സി യാത്രകള്‍ക്കും ചെലവ് കുറയും. ഒല, ഉബേര്‍ ടാക്‌സി സേവനങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ചുമത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ടെലികോം, ധനകാര്യ സേവനങ്ങള്‍ക്ക് 18 ശതമാനമാണ് ജി.എസ്.ടി. റേസ് ക്ലബ്, സിനിമ തിയേറ്ററുകള്‍ തുടങ്ങിയവക്ക് 28 ശതമാനമാണ് ജി.എസ്.ടി ചുമത്തുകയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
    എ.സി റസ്റ്റോറന്റുകള്‍ക്കും മദ്യവിതരണത്തിന് ലൈസന്‍സുള്ളവയ്ക്കും 18 ശതമാനം ജി.എസ്.ടിയും ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 28 ശതമാനം ജി.എസ്.ടിയും 1000 മുതല്‍ 1250 രൂപ വരെ താരിഫുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനം ജി.എസ്.ടിയും ചുമത്തുമെന്ന് ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. 50 ലക്ഷമോ അതില്‍ താഴെയോ ടേണോവറുള്ള റസ്‌റ്റോറന്റുകള്‍ക്ക് 5 ശതമാനം ജി.എസ്.ടിയും നോണ്‍ എ.സി റസ്‌റ്റോറന്റുകള്‍ക്ക് 12 ശതമാനം ജി.എസ്.ടിയും ചുമത്തും.
    ജി.എസ്.ടി പ്രകാരം സേവനങ്ങള്‍ക്ക് നാല് സ്ലാബുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 5 ശതമാനവും 12 ശതമാനവും 18 ശതമാനവും 28 ശതമാനവും. ഗതാഗത സേവനങ്ങള്‍ക്കാണ് അഞ്ചു ശതമാനം ജി.എസ്.ടി നിശ്ചയിച്ചിരിക്കുന്നത്. ജി.എസ്.ടി നിലവില്‍ വരുന്നതോടെ ചരക്കുസേവന നികുതി നിലവിലുള്ള ഏതാനും രാജ്യങ്ങളുടെ ക്ലബിലാണ് ഇന്ത്യയും ഇടം നേടുക. 1954ല്‍ ഫ്രാന്‍സാണ് ആദ്യമായി ജി.എസ്.ടി കൊണ്ടുവന്നത്.   

loading...