വിവാഹ തലേന്ന് വരനെ വധുവും കാമുകനും തീ കൊളുത്തി കൊന്നു

By Shyma Mohan.24 Feb, 2018

imran-azhar


    ഹൈദരാബാദ്: മാതാപിതാക്കള്‍ തനിക്കായി തിരഞ്ഞെടുത്ത വരനൊപ്പം വിവാഹം കഴിക്കാന്‍ കൂട്ടാക്കാത്ത യുവതി വിവാഹത്തിന് രണ്ടുദിവസം മുന്‍പ് കാമുകനൊപ്പം വരനെ ചുട്ടുകൊന്നു. 20കാരിയായ അരോജി അരുണയും അവരുടെ കാമുകന്‍ അരോജി ബാലസ്വാമിയും പെട്രോള്‍ ഒഴിച്ചാണ് 22കാരനായ വരന്‍ ബി.യകയ്യയെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സ്വകാര്യ ആശുപത്രിയില്‍ യകയ്യ മരണപ്പെട്ടത്. തെലുങ്കാനയിലെ ജന്‍ഗാവ് ജില്ലയിലുള്ള മതരം ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഫെബ്രുവരി 21ന് വിവാഹിതരാകേണ്ട ദമ്പതികളാണ് വധുവിന്റെയും കാമുകന്റെയും ഒത്തുകളിയില്‍ വരന്റെ കൊലയിലേക്ക് നയിച്ചത്. കഞ്ചന്‍പള്ളി ഗ്രാമ നിവാസിയായ യകയ്യയുമായുള്ള വിവാഹം ഒരുമാസം മുമ്പാണ് അരുണയുടെ മാതാപിതാക്കള്‍ ഉറപ്പിച്ചിരുന്നത്. ബാലസ്വാമിയുമായുള്ള അരുണയുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെങ്കിലും അത് വകവെയ്ക്കാതെയാണ് അരുണയുടെ സമ്മതത്തോടു കൂടി തന്നെ യകയ്യയുമായുള്ള വിവാഹം ഉറപ്പിച്ചത്. ഫെബ്രുവരി 19ന് അരുണ യകയ്യയെ വീടിന് പുറത്ത് വിളിച്ചുവരുത്തുകയും അവിടെ എത്തിയ യകയ്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീവെയ്ക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇരുവരും സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. യകയ്യ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷം താമസിക്കാന്‍ യകയ്യ ഗ്രാമത്തില്‍ ഒരു ചെറിയ വീടും നിര്‍മ്മിച്ചിരുന്നു. ഫെബ്രുവരി 18ന് നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ ഭാവി വധുവായ അരുണയും പങ്കെടുത്തിരുന്നു. വിവാഹം മുടക്കാനായി രണ്ടുവട്ടം യകയ്യയുടെ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.