വെടിയുണ്ട ഉരുക്കി, കാലി കെയ്‌സുകള്‍ പാത്രവും മുദ്രയുമാക്കി

By online desk.20 02 2020

imran-azhar

 


തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തില്‍ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന. വെടിയുണ്ടകളിലെ വെടിമരുന്ന് തട്ടിക്കളഞ്ഞ കെയ്‌സുകള്‍ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്എപി പോഡിയത്തില്‍ പതിച്ചിരുന്ന എംബ്ലം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എസ്എപി മുദ്ര കാലി കെയ്‌സുകള്‍ ഉരുക്കിയുണ്ടാക്കിയതാണെന്നാണ് സംശയം.

 

പിച്ചളയില്‍ നിര്‍മ്മിച്ച മുദ്രയാണ് പിടിച്ചെടുത്തത്. 350 വ്യാജ കാറ്റ്‌റിഡ്ജും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്ക് പകരമാണ് വ്യാജകാറ്റ്‌റിഡ്ജ് ഉണ്ടാക്കിയത്. വ്യാജ കാറ്റ്‌റിഡ്ജ് ഉണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിയുണ്ട കാണാതായ സംഭവത്തില്‍ 11 പൊലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഇവര്‍ക്ക് പുറമെ എസ്എപി ക്യാമ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 96 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

 


എന്നാല്‍ 22 വര്‍ഷത്തെ കാലയളവിനുള്ളില്‍ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥര്‍ സംഘത്തില്‍ ഇല്ല. അതുകൊണ്ടാണ് കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. 96-2018 വരെയുള്ള കാലയളവ് പല ഘട്ടങ്ങളായി തിരിച്ച് അന്വേഷണ സംഘത്തിന് കൈമാറും. കാണാതായ ദിവസം കണ്ടെത്തുക എന്നാതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. രേഖകള്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.

 

ഒപ്പം ക്യാമ്പിലെത്തി അതാത് ദിവസം ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും വേണം. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു.

 

പിന്നീട് സിഎജി റിപ്പോര്‍ട്ടിലെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് തോക്കുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചപോലെ കേരളാ പോലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേട് സംശയിക്കുന്നതായും പറഞ്ഞു.

 

ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ചാണ് തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 660 ഇന്‍സാസ് റൈഫിളുകളില്‍ 647 എണ്ണം പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെത്തിച്ചാണ് പരിശോധിച്ചത്. ബാക്കി 13 തോക്കുകള്‍ മണിപ്പൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലുണ്ടെന്നും തച്ചങ്കരി അറിയിച്ചിരുന്നു.

 

 

OTHER SECTIONS