തോക്കുകളുടെ പരിശോധന ഇന്ന്

By online desk.17 02 2020

imran-azhar

 


തിരുവനന്തപുരം: സി.എ.ജി ചൂണ്ടിക്കാട്ടിയ 25 തോക്കുകള്‍ ഉള്‍പ്പെടെ പൊലീസിന്റെ കൈവശമുള്ള തോക്കുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. ഇതിനായി പൊലീസിന്റെ കൈയിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്.എ.പി ക്യാമ്പില്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. പൊലീസിന്റെ കൈയിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 എണ്ണമാണ് നഷ്ടമായെന്നാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

 

ഓരോ ക്യാമ്പിലെയും ആയുധങ്ങളുടെ കണക്കുകളും രജിസ്റ്ററുകളും കൃത്യമായി തന്നെ സൂക്ഷിക്കാനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. 22 വര്‍ഷത്തെ കണക്ക് പ്രകാരമാണ് ഇപ്പോള്‍ പൊലീസിനെ സി.എ.ജി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നതെന്നും ഭാവിയില്‍ ഇത്തരം അവസ്ഥ ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശത്തിന്റെ ഭാഗമായാണ് കണക്കെടുപ്പ്. 25 തോക്കുകളും 12,000ത്തിലധികം വെടിയുണ്ടകളും കാണാനില്ലെന്നാണ് സി.എ.ജി കണ്ടെത്തിയത്. സി.എ.ജി ചൂണ്ടിക്കാട്ടിയ 25 തോക്കുകളും ക്യാമ്പില്‍ തന്നെയുണ്ടെന്ന് എസ്.എ.പി കമാന്‍ഡന്റ്് വിമല്‍ വ്യക്തമാക്കിയിരുന്നു.

 

ആ സാഹചര്യത്തിലാണ് ഈ തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ കണക്കെടുത്ത് പൊലീസിന്റെ ഭാഗം ന്യായീകരിക്കാനുള്ള നീക്കം. എസ്.എ.പി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള പരിശോധനകളും തുടരും. കഴിഞ്ഞ ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

 

സി.എ.ജി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് ടോമിന്‍ ജെ. തച്ചങ്കരി നല്‍കിയിട്ടുള്ളത്. നിലവില്‍ ഈ കേസില്‍ 11 ഹവില്‍ദാര്‍മാര്‍ മാത്രമാണ് പ്രതികള്‍. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

 

 

OTHER SECTIONS