മോദി എനിക്ക് രാമനെ പോലെ: വിവാഹിതനല്ലെന്ന ആനന്ദിബെന്നിന്റെ പരാമര്‍ശം തള്ളി യശോദ ബെന്‍

By Shyma Mohan.21 Jun, 2018

imran-azhar


    അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനല്ലെന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശ് ഗവര്‍ണറുമായ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ശം തള്ളി മോദിയുടെ ഭാര്യ യശോദ ബെന്‍. ഗുജറാത്തിലെ പ്രമുഖ പത്രത്തില്‍ നരേന്ദ്ര ഭായി തന്നെ വിവാഹം കഴിച്ചിട്ടില്ലെന്നുള്ള ആനന്ദിബെന്നിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയതായും 2004 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച രേഖകളില്‍ മോദി തന്നെ തന്റെ പേര് ഭാര്യയുടെ സ്ഥാനത്ത് എഴുതിയിട്ടുണ്ടെന്നും യശോദ ബെന്‍ പറയുന്നു. വിദ്യാസമ്പന്നയായ ആനന്ദിബെന്നിനെ പോലെയുള്ളവരുടെ പ്രസ്താവന അപലപനീയമെന്നും ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിഛായക്കാണ് മങ്ങലേല്‍പിക്കുന്നതെന്നും യശോദ ബെന്‍ പറയുന്നു. മോദി തനിക്ക് വളരെ ആദരണീയനും രാമനെ പോലെയെന്നും യശോദ ബെന്‍ കൂട്ടിച്ചേര്‍ത്തു. എഴുതിത്തയ്യാറാക്കിയ പ്രസ്താവന വായിക്കുന്ന യശോദ ബെന്നിന്റെ വീഡിയോ സഹോദരന്‍ അശോദ് മോദിയുടെ മൊബൈലിലാണ് ചിത്രീകരിച്ചിട്ടുള്ളത്. വീഡിയോ തന്റെ മൊബൈലില്‍ ചിത്രീകരിച്ചതാണെന്ന് നോര്‍ത്ത് ഗുജറാത്തിലെ ഉന്‍ചയില്‍ താമസിക്കുന്ന സഹോദരന്‍ അശോക് മോദി സ്ഥിരീകരിച്ചു. ആനന്ദിബെന്നിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ജൂണ്‍ 19ന് ഇറങ്ങിയ ദിവ്യ ഭാസ്‌കര്‍ എന്ന ഗുജറാത്തിലെ പ്രമുഖ പത്രത്തിന്റെ മുന്‍ പേജില്‍ ഈ വാര്‍ത്ത വന്നതാണ് വിയോജിപ്പ് രേഖപ്പെടുത്താനുള്ള തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് അശോക് മോദി പറഞ്ഞു.