മുംബൈയിൽ കനത്തമഴ; നഗരത്തിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

By ONLINE DESK .04 08 2020

imran-azhar

 


മുംബൈ; മുംബൈ നഗരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നും നാളെയും നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെത്തുടർന്ന് മുംബൈയിൽ രണ്ടു ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

 

 

തുടർച്ചയായി 10 മണിക്കൂറിലധികം പെയ്ത മഴയിലാണ് മുംബൈ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മുംബൈ നഗരത്തിനു പുറമെ താനെ, പൂനെ, റായഗഡ്, രത്നഗിരി എന്നീ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ സർവീസുകൾ നിർത്തലാക്കി. സബർബൻ ട്രെയിനുകളുടെ സർവ്വീസും നിർത്തലാക്കി. ഒപ്പം റോഡുകളിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. 

 

 

കനത്തമഴയെത്തുടർന്ന് നഗരത്തിൽ അവശ്യ സേവനങ്ങളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഓഫീസുകളും കടകളുമടക്കം വെള്ളം കയറിയതിനെത്തുടർന്ന് അടച്ചു. തീരപ്രദേശങ്ങളുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. മഹാരാഷ്ട്രയിലെ തീരപ്രദേശങ്ങളില്‍ വരുന്ന മൂന്ന് ദിവസത്തേക്ക് കനത്ത കാറ്റ് വീശുമെന്നാണ് അറിയിപ്പ്.

 

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള സംസ്ഥാനമെന്ന നിലയിലും മഹാരാഷ്ട്രയിൽ ഉണ്ടാകുന്ന കനത്തമഴയും വെള്ളപ്പൊക്കവും ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ ഇത് കാരണമാകുമെന്നതും കൂടുതൽ ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്ന അവസ്ഥ നേരിടേണ്ടി വന്നാൽ രോഗവ്യാപനം വര്ധിക്കുമെന്നതും സ്ഥിതി സങ്കീർണമാക്കുന്നു.

 

 

 

OTHER SECTIONS