തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

By online desk .14 02 2020

imran-azhar

 

കൊച്ചി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പുതിയ നിര്‍ദ്ദേശം. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തല്‍ക്കാലം നിര്‍ത്തി വയ്ക്കുമെന്നും ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും തിരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

 

ഒരുകാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോകില്ല. ഒക്ടോബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പേര് ചേര്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ പുറത്താക്കണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്.

 

ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിധി. ഈ വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീംലീഗും ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നില്ലെങ്കില്‍ നിലവിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വരും.

 


2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്ന് നേരത്തെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കോടതിയെ സമീപിച്ചത്. പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാദ്ധ്യതയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

 

 

 

OTHER SECTIONS