ഡോക്യുമെന്ററികൾ ഉയർത്തിപ്പിടിക്കേണ്ടത് മതനിരപേക്ഷതയെ: മുഖ്യമന്ത്രി

By Sarath S .20 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: സമകാലിക ഇന്ത്യയിൽ ഡോക്യുമെന്ററികൾ ഉയർത്തിക്കാട്ടേണ്ടത് മതനിരപേക്ഷത ബോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വർത്തമാന കാലത്തിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് വെളിച്ചം പായിക്കുകയാണ് സംവിധായകർ ചെയ്യേണ്ടത്. ഇത് ഒരുകണക്കിന് നോക്കിയാൽ പ്രയാസകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ധൈര്യപൂർവ്വം വസ്തുതകളെ വസ്തുതകളാക്കി അവതരിപ്പിക്കാൻ മതനിരപേക്ഷതാ ബോധമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും ഇക്കാര്യത്തിൽ ആനന്ദ് പട് വർദ്ധനെപ്പോലെയുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ജനസമൂഹങ്ങളുടെ എല്ലാവിധ ചെറുത്തുനിൽപുകളെയും ചരിത്രപരമായി രേഖപ്പെടുത്തുന്നവയാണ് ഡോക്യുമെന്ററികൾ. അതുകൊണ്ടുതന്നെ സാമൂഹികവും രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ സമകാലിക പ്രശ്നങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് കേരളത്തിന്റെ മേളയിലിടം പിടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധത്തിനുള്ള മാർഗ്ഗവും മാധ്യമവുമാണ് ഡോക്യുമെന്ററി സിനിമകൾ. ഈ വസ്തുതകൾ അടിവരയിടുന്നതാണ് കേരളത്തിലെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള. പരിസ്ഥിതി കാര്യങ്ങൾ മുതൽ വംശീയ കാര്യങ്ങൾ വരെയും പ്രാദേശിക കാര്യങ്ങൾ മുതൽ സാർവദേശീയ കാര്യങ്ങൾ വരെയും വിഷയമാക്കുന്ന ഡോക്യുമെന്ററികൾ ഇന്ന് സമൂഹത്തിന്റെ ചിന്താഗതിയെ വലിയതോതിൽ സ്വാധീനിക്കുന്ന ഒരു സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സാംസ്‌കാരിക രംഗത്തു മുതൽ സാമ്രാജ്യത്വ അധിനിവേശ രംഗത്തുവരെ പ്രതിരോധത്തിന്റെ ശക്തമായ നിര ഉയർത്തുന്ന ചെറുത്തുനിൽപ്പിന്റെ അടയാളമായി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മാറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ മുഖ്യാതിഥിയായിരുന്നു. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ആനന്ദ് പട്വർദ്ധന് മുഖ്യമന്ത്രി സമ്മാനിച്ചു. അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉദ്ഘാടന ചിത്രമായ ഹ്യൂമൻ ഫ്ളോ പ്രദർശിപ്പിച്ചു. 64 മത്സര ചിത്രങ്ങൾ ഉൾപ്പെടെ 200 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മേള 24 ന് സമാപിക്കും.

 

കേരളം മതേതരത്വത്തിന്റെ അവസാന തുരുത്തെന്ന് : ആനന്ദ് പട്വർദ്ധൻ

 

മതങ്ങൾക്ക് വേണ്ടി നിലകൊള്ളാതെ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ നിൽക്കുന്ന കേരളം പ്രതീക്ഷയുടെ അവസാന തുരുത്താണെന്ന് പ്രസിദ്ധ ഡോക്യുമെന്റി സംവിധായകൻ ആനന്ദ് പട്വർദ്ധൻ. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ ആദ്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേരതരത്വത്തിന്റെ ദീപശീഖ മറ്റുള്ള സംസ്ഥാനങ്ങളിൽ കെട്ടു പോകുമ്പോൾ കേരളം അത് ഉയർത്തിപ്പിടിപ്പിച്ച് മുന്നേറുകയാണെന്നും അതിന് തന്നെപ്പോലുള്ളവർ നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇത്തരം മേളകളിൽ സമ്മാനാർഹമാകുന്ന ചിത്രങ്ങൾ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ കേരളം തയ്യാറാകണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന രാകേഷ് ശർമ്മ പറഞ്ഞു. അത്തരം പ്രദർശനങ്ങൾ സംവാദങ്ങൾക്കുള്ള ഇടം തുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS